ലക്നൗ: വിവാഹദിവസം വരനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് പരസ്യമായി തല്ലിയശേഷം വധു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശിലെ ജാവുൻപൂർ ജില്ലയിലെ ഖുത്തഹാൻ ബ്ലോക്കിലെ ലവായെൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വിവാഹത്തിനുശേഷം വധുവിനോടൊപ്പം വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വധുവിനെയും വരനെയും ആഘോഷത്തോടെ സ്വീകരിക്കുന്നത് വിവാഹച്ചടങ്ങിലെ പ്രധാന ഇനമാണ്. ഇതിൽ പങ്കെടുക്കാനായി വരന്റെ ബന്ധുക്കൾ ഉൾപ്പടെ നിരവധിപേർ എത്തിയിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനായിരുന്നു തല്ല്. അപ്രതീക്ഷിതമായി കിട്ടിയ കരണത്തടിയിൽ വരൻ പകച്ചുപോയി. ബന്ധുക്കളും തരിച്ചുനിന്നു. ഈ സമയം ഒന്നും സംഭവിക്കാത്ത ഭാവത്തിൽ വിവാഹവേഷം മാറിയ യുവതി സാധാരണ വസ്ത്രം ധരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
വധുവിന്റെയും വരന്റെയും വീട്ടുകാർ ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതാേടെ പൊലീസിന്റെ സഹായവും തേടി. അതുകൊണ്ടും കാര്യമുണ്ടായില്ല. വധുവിനെ പ്രകോപിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല. വരന്റെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പെൺകുട്ടി ഇതുവരെ തയ്യാറായിട്ടില്ല. പൊലീസും കാരണം കണ്ടുപിടിക്കാൻ അന്വേഷിക്കുന്നണ്ടത്രേ.
ദിവസങ്ങൾക്കുമുമ്പ് ജാവുൻപൂരിൽ നടന്ന മറ്റൊരുവിവാഹവും അടിയെത്തുടർന്ന് മുടങ്ങിയിരുന്നു. വരന്റെ ഭാഗത്തുനിന്ന് ഒരാൾ വേദിയിൽ കയറാൻ ശ്രമിച്ചത് വധുവിന്റെ ആൾക്കാർ എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രശ്നം ഇരുകുടുംബങ്ങൾ ഏറ്റെടുക്കുകയും കൂട്ടത്തല്ലിൽ അവസാനിക്കുകയുമായിരുന്നു. അടിക്കിടെ വരൻ വധുവിനെ തല്ലുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.