karthumbi

കേരള വികസനമാതൃകയുടെ പുറമ്പോക്കിലെവിടെയോ സ്ഥിതിചെയ്യുന്ന ആദിവാസികളുടെ ഹൃദയഭൂമികയാണ് അട്ടപ്പാടി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്. ദാരിദ്രത്തിന്റെയും പ്രാരാബ്ദങ്ങളുടെയും നിറംമങ്ങിയ ലോകത്തിരുന്നുകൊണ്ട് അട്ടപ്പാടിയിലെ വനിതകൾ പ്രതീക്ഷയുടെ വർണക്കുടകൾ നിർമ്മിച്ച് നിശബ്ദ വിപ്ലവം തീർക്കുകയാണ്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലവസരങ്ങൾ കുറഞ്ഞ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്കിന്ന് ആശ്വാസമാവുകയാണ് 'കാർത്തുമ്പി' കുട നിർമ്മാണം. സീസണായിട്ടും ഓർഡറുകൾ ലഭിക്കാത്തതിനാൽ നിർത്തിവെച്ചിരുന്ന നിർമ്മാണം ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഷോളയൂർ, അഗളി പഞ്ചായത്തുകളിലെ 14 ഊരുകളിൽ നിന്നായി മുപ്പതോളം വനിതകൾ കുടനിർമ്മാണത്തിലേർപ്പെട്ടിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കമ്മ്യൂണിറ്റി ഹാളിലിരുന്നും വീട്ടിലിരുന്നുമാണ് ഇവർ കുടനിർമ്മിക്കുന്നത്. ഒരുകുട നിർമ്മിച്ചാൽ 30 രൂപയാണ് ലഭിക്കുക. ഒരാൾ ഒരുദിവസം പത്തുമുതൽ പതിനഞ്ച് കുടകൾ വരെ നിർമ്മിക്കും. തൊഴിലുറപ്പിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ വേതനം ഇതിലൂടെ ഉറപ്പാക്കാൻ കഴിയുന്നുണ്ട്. തമ്പിന്റെ പ്രതിനിധികൾ നേരിട്ട് ഊരുകളിലെത്തി കുട നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ നൽകും. അവർ തന്നെ ഉത്പന്നം വാങ്ങി മാർക്കറ്റിലെത്തിക്കും. മഹാമാരിയുടെ കാലത്ത് കാർത്തുമ്പി കുടകൾ ഈ മേഖലയിലെ ആദിവാസി വനിതകൾക്ക് നൽകുന്ന തണൽ വലുതാണ്.

സ്ത്രീകൾക്ക് സ്ഥിരവരുമാനം

പോഷകാഹാര കുറവുമൂലം അട്ടപ്പാടിയിൽ നവജാത ശിശുമരണം മാദ്ധ്യമങ്ങളിൽ പ്രധാന തലക്കെട്ടുകളായ കാലത്താണ് മൂന്നര പതിറ്റാണ്ടായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ അമ്മമാർ കുട നിർമ്മാണത്തിലേർപ്പെടുന്നത്. സാമ്പത്തികമായി നേട്ടമുണ്ടായാൽ മാത്രമേ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയെടുക്കാനാവൂ എന്ന തിരിച്ചറിവാണ് അവരെ കാർത്തുമ്പി എന്ന ബ്രാൻഡിന് കീഴിൽ അണിനിരത്തിയത്. കുടനിർമ്മാണത്തിൽ പരിശീലനം നൽകുമ്പോൾ തമ്പിന്റെ പ്രവർത്തകർക്ക് മൂലധനമായി ഒന്നുമുണ്ടായിരുന്നില്ല. സുമനസുകളുടെ കാരുണ്യത്തിൽ ലഭിച്ച തുകകൊണ്ടാണ് ആവശ്യമായ സാമഗ്രികൾ വാങ്ങിയത്. തൃശ്ശൂരിലെ ‘അതിജീവന’ എന്ന സംഘടനയാണ് കുടനിർമ്മാണത്തിനുള്ള പരിശീലനം നൽകിയത്. 2017 ൽ പട്ടികവർഗവകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. ഇതുവരെ 20 ഊരുകളിൽ നിന്നായി 18 വയസ് മുതൽ 50 വയസുവരെയുള്ള 350 ലധികം പേർക്ക് കുടനിർമാണത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. മുടുക, കുറുമ്പ, ഇരുള വിഭാഗത്തിൽപ്പെട്ടവരാണ് കുടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടുതൽ വനിതകൾ ഈ രംഗത്തേക്ക് വരാൻ ആഗ്രഹിച്ച് മുന്നോട്ട് വരുന്നുണ്ട്. ആദ്യം കുടുംബശ്രീവഴിയും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ മുഖേനയും കാർത്തുമ്പി കുടകൾ ആദ്യം മാർക്കറ്റിലെത്തി. പിന്നീട് ഇൻഫോപാർക്കിലും സ്കൂളുകളിലും ഇടംപിടിച്ചതോടെ കേരളത്തിന്റെ സ്വന്തം ബ്രാൻഡായി കാർത്തുമ്പി മാറിയെന്നതാണ് യാഥാർത്ഥ്യം. കുടനിർമ്മാണത്തിന് നേതൃത്വം കൊടുത്ത സംഘടനയുടെ പ്രതിനിധികളും അതിൽ പങ്കെടുത്തവരും ഈ സംരംഭം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് എല്ലാ യൂണിറ്റുകളും തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാസങ്ങളോളം വിപണി അടഞ്ഞുകിടന്നതിനാൽ വില്പനയും കുറഞ്ഞു. ലോക്ക് ഡൗൺ പിൻവലിച്ചതിനാൽ കാർത്തുമ്പി കുടകൾക്ക് മാർക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റിലെ അംഗങ്ങൾ. മേഖലയിലെ എല്ലാ യൂണിറ്റുകളും തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ സഹായം സർക്കാർ ഇടപെട്ട് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഗുണമേന്മയിലും മുന്നിൽ

വിപണിയിലെ മുൻനിര ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ അതേ ഗുണനിലവാരത്തിൽ തന്നെയാണ് കാർത്തുമ്പി കുടകളും നിർമ്മിക്കുന്നത്. വിപണിയിൽ കിട്ടുന്നതിൽവച്ച് ഏറ്റവും മികച്ച തുണികളാണ് കുട തയ്ക്കുന്നതിനായി വാങ്ങുന്നത്. മുൻനിര ബ്രാൻഡുകളിൽ കുടനിർമ്മാണം ഫാക്ടറികളിലെ മെഷീനുകൾ ചെയ്യുമ്പോൾ ​ഇ​വി​ടെ​ ​പൂ​ർ​ണ​മാ​യും​ ​വനിതകളാണ് ജോലി ചെ​യ്യു​ന്ന​ത് ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത. കുടശീലമുറിക്കുക, തയ്ക്കുക തുടങ്ങി എല്ലാക്കാര്യങ്ങളും അട്ടപ്പാടിയിലെ സ്ത്രീകൾ തന്നെയാണ് ചെയ്യുന്നത്. പദ്ധതിക്ക് തുടക്കമാവുമ്പോൾ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. കാർത്തുമ്പി എന്ന ബ്രാൻഡ് ശ്രദ്ധേയമാകുകയും സ്ഥിരമായ വരുമാനം ലഭിക്കാൻ തുടങ്ങുകയും ചെയ്തതോടെ കൂടുതൽ ആളുകൾ കാർത്തുമ്പികുടകളുടെ നിർമ്മാണത്തിലേക്ക് കടന്നുവന്നു. ഇന്ന് 50ലധികം സ്ത്രീകളാണ് കുട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

അട്ടപ്പാടിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കോടികൾ ഒഴുക്കുന്നുണ്ടെങ്കിലും അത് അട്ടപ്പാടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല. അവരുടെ അവകാശങ്ങൾ അവരിലെത്തിക്കണം. സർക്കാരും പൊതുസമൂഹവുമാണ് അത് ചെയ്തുകൊടുക്കേണ്ടത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമ - വികസന കാര്യങ്ങളിലും നയങ്ങളിലും ഒരു പൊളിച്ചെഴുത്ത് വേണം. യഥേഷ്ടം ഫണ്ട് വന്നിട്ടും ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നില്ലെങ്കിൽ എവിടെയോ പാളിച്ചയുണ്ടെന്നാണ് മനസിലാക്കേണ്ടത്. അതു കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ആത്മാഭിമാനത്തോടെ സ്വന്തം നിലയിൽ ഉയർന്നുവരുന്ന രീതിയിലേക്ക് ഈ ജനതയെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. അതിന് വേർതിരിവുകളില്ലാതെ വിദ്യാഭ്യാസം ലഭ്യമാക്കണം, തൊഴിൽ സാദ്ധ്യത ഉറപ്പാക്കണം. കാർത്തുമ്പി അതിന്റെ തുടക്കം മാത്രമാണ്. ഇത്തരം സംരംഭങ്ങൾ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച് യുവാക്കൾക്കും തൊഴിലവസരങ്ങൾ നൽകണം. ഇത്രയും നാൾ നമ്മൾ അകറ്റി നിറുത്തിയവർക്ക് നമ്മൾ തന്നെയാണ് സമൂഹത്തിന്റെ മുഖ്യധാരയിൽ അവർക്കൊരിടം കരുതി വയ്ക്കേണ്ടത്.