mcafee

മാഡ്രിഡ്: മക്കഫേ ആന്റിവൈറസിന്റെ നിർമ്മാതാവ് ജോൺ മക്കഫേയെ സ്പെയിനിലെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടാക്സ് വെട്ടിപ്പ് കേസിന് കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്ന മക്കഫേയെ അമേരിക്കയ്ക്കു കൈമാറാൻ സ്പാനിഷ് കോടതി ഉത്തരവിടുന്നതിന് കുറച്ചു മണിക്കൂറുകൾക്ക് മുമ്പായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരിക്കൽ വിചാരണ നടക്കുമ്പോൾ തന്നെ അമേരിക്കയ്ക്കു കൈമാറരുതെന്നും സ്പാനിഷ് കോടതിയിൽ നിന്നുു മാത്രമേ തനിക്ക് നീതി ലഭിക്കുകയുള്ളുവെന്നും മക്കഫേ പറഞ്ഞിരുന്നു. നീതിന്യായ വ്യവസ്ഥിതിയുടെ ദയയില്ലാത്ത സമീപനമാണ് മക്കഫേയുടെ ഈ അവസ്ഥയ്ക്കു കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിയ്യായ്ബ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മക്കഫേയെ ടാക്സ് വെട്ടിപ്പിന് അറസ്റ്റ് ചെയ്യുന്നത്. 2014 -2018 കാലഘട്ടത്തിൽ കണക്കില്ലാത്ത വിധം പണം സമ്പാദിച്ച മക്കഫേ തനിക്ക് ലഭിച്ച ശമ്പളം എല്ലാം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. മക്കഫേ കൂടുതലും പണം ക്രിപ്റ്റോകറൻസിയായാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് രേഖകൾ പറയുന്നു. ആഡംബര ബോട്ട് വരെ സ്വന്തമായുണ്ടായിരുന്ന മക്കഫേ പക്ഷേ ഇതൊന്നും തന്റെ പേരിലായിരുന്നില്ല വാങ്ങിച്ചത്. മക്കഫേയുടേത് എന്ന പേരിൽ കണ്ടെത്തിയ പല വസ്തുക്കളുടേയും യഥാർത്ഥ ഉടമസ്ഥർ മറ്റ് പലരുമായിരുന്നു.