
വഴിയരികിൽ നിന്ന് നൂറു രൂപയ്ക്ക് ലഭിക്കുന്ന ഗ്ലാസും ഒരു ഒപ്ടോമെട്രി ഷോപ്പിൽ പോയി വാങ്ങുന്ന ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ ഗ്ലാസും ഒരേ ഗുണമല്ല ചെയ്യുന്നത്. തുച്ഛമായ വിലയിൽ ലഭിക്കുന്ന ഗ്ലാസുകൾ വെറും ചില്ല് മാത്രമായിരിക്കും. ഇത് യാതൊരു തരത്തിലും കണ്ണിന് സംരക്ഷണം തരുന്നതല്ല. മറിച്ച് ദോഷം ചെയ്യുന്നതാണ്. ഇതുപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും. ഫുട്പാത്തിൽ നിന്നു വാങ്ങുന്ന കൂളിംഗ് ഗ്ലാസ് ധരിച്ച് നോക്കിയാൽ ഗ്ലാസിന്റെ ഉൾഭാഗത്തുതന്നെ റിഫ്ളക്ഷൻ തട്ടി കണ്ണിനു മുന്നിലല്ലാത്ത കാഴ്ചകൾ കൂടി കണ്ടെന്നുവരാം. ഇത് കണ്ണിന് കൂടുതൽ ആയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് നല്ലതു തന്നെ തിരഞ്ഞെടുക്കുക. ശൈത്യകാലത്ത് അന്തരീക്ഷം പൊതുവെ നനുത്തതായിരിക്കും. ഈ തണുപ്പ് കണ്ണിന് കൂടുതൽ ഹാനികരമാണ്. വേനലിൽ ചൂടാണ് കണ്ണിനു വില്ലനെങ്കിൽ തണുപ്പുകാലത്ത് വരണ്ട തണുപ്പാണ് വില്ലനാവുന്നത്. ഇത് കണ്ണിലെ നനവ് ഇല്ലാതാക്കും. ഇതിനൊരു സംരക്ഷണം കൂടിയാണ് കൂളിംഗ് ഗ്ലാസുകൾ. ഈർപ്പമുള്ള പൊടിപടലങ്ങളും ധാരാളമുണ്ടാകും ശൈത്യകാലത്ത്. നനവ് തട്ടി കൂടിച്ചേർന്ന കനത്ത പൊടിയായിരിക്കും കാറ്റിൽ പാറി കണ്ണിലടിക്കുക. കണ്ണ് മുഴുവനായും മൂടുന്ന കൂളിംഗ് ഗ്ലാസാണ് തണുത്ത കാറ്റിൽ നിന്നും പൊടിപടലങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ഉത്തമം.