തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മിഷൻ പിരിച്ചുവിടണമെന്ന് മുൻ വനിതാകമ്മിഷൻ അംഗവും ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ പ്രമീളദേവി. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള ജോസഫൈൻ വനിതാകമ്മിഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണ്. ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മിഷൻ അദ്ധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കമെന്നും പ്രമീളദേവി ആവശ്യപ്പെട്ടു.
നിരാലംബരായ സ്ത്രീകളാണ് കമ്മിഷൻ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. വനിതാകമ്മിഷന് കൂട്ടുത്തരവാദിത്തമാണെന്നതിനാൽ അംഗങ്ങൾ എല്ലാവരും രാജിവയ്‌ക്കണം. രാജിവച്ചില്ലെങ്കിൽ കമ്മിഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും അവർ പറഞ്ഞു.
സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാകമ്മിഷന്‍റെ ഉത്തരവാദിത്തമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈൻ. പാർട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാകമ്മിഷനെന്നാണ് അവർ പറയുന്നത്. കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സർക്കാർ തീരുമാനിക്കണം. ജോസഫൈൻ അന്വേഷിച്ച കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രമീളദേവി ആവശ്യപ്പെട്ടു.