തിരുവനന്തപുരം: പേട്ട മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള പാർശ്വഭിത്തികൾ പുനർനിർമ്മിക്കണമെന്ന് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. പേട്ട റെയിൽവേ മേൽപ്പാലത്തിന്റെ ഒരു വശത്തുള്ള കരിങ്കൽഭിത്തി പൂർണമായും റോഡിലേക്ക് ഇടിഞ്ഞുവീണ സ്ഥലം സന്ദർശിക്കവേയാണ് മന്ത്രിയുടെ നിർദ്ദേശം. ആദ്യം സമബന്ധിതമായി ഇടിഞ്ഞു വീണ ഭാഗം പുനർനിർമ്മിക്കണമെന്നും അതിനുശേഷം മറുഭാഗത്തിന്റെ ജോലികൾ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. പേട്ട പാലത്തിന്റെ പാർശ്വഭിത്തി നിലംപതിച്ചതിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് ഫണ്ട് ബോർഡ് കരാർ നടപടികൾ വേഗത്തിലാക്കി ജോലികൾ ഏഴു ദിവസത്തിനകം ആരംഭിക്കാൻ ഉത്തരവിറക്കിയത്. ഇടിഞ്ഞ ഭാഗം മാത്രമല്ല അതിന്റെ മുഴുവനായുള്ള ഭിത്തി പുനർനിർമ്മിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. മന്ത്രിയോടൊപ്പം കളക്ടർ നവ്ജ്യോത് ഖോസ, സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, വാർഡ് കൗൺസിലർ സി.എസ്. സുജാദേവി, റോഡ് ഫണ്ട് ബോർഡ് അധികൃതർ, തഹസിൽദാർ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഭിത്തിയുടെ മറുവശവും അപകടാവസ്ഥയിൽ
പേട്ട മേൽപ്പാലത്തിന്റെ ഇടിഞ്ഞുവീണ ഭിത്തിയുടെ മറുവശവും അപകടാവസ്ഥയിലാണ്. അത് പുനർനിർമ്മിക്കാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് കളക്ടർ റോഡ് ഫണ്ട് ബോർഡ് അധികൃതർക്കും തഹസിൽദാർക്കും നിർദ്ദേശം നൽകി. രണ്ട് ഭാഗത്തിന്റെയും കാര്യങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കാനും കളക്ടർ തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഭിത്തിയുടെ സമീപത്ത് വീടുകളുണ്ട്. കൂടാതെ ആളുകൾ നിരന്തരം സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത് പുനർനിർമ്മിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് വഴിവയ്ക്കുമെന്ന് മന്ത്രിയും കളക്ടറും ചൂണ്ടിക്കാട്ടി. ഇതിന്റെ കരാർ നടപടികൾ എത്രയുംവേഗം പൂർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വെല്ലുവിളിയായി മരം
ഭിത്തിയുടെ തകർന്ന ഭാഗത്ത് നിൽക്കുന്ന പഴക്കംചെന്ന മരം പുനർനിർമ്മാണ ജോലികൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. ഈ മരം ഏതു നിമിഷവും നിലംപൊത്താറായ സ്ഥിതിയിലാണ്. ഇതിന്റെ വേരുകൾ വളർന്ന് ഭിത്തിയിലേക്കും റോഡിന്റെയും പാലത്തിന്റെയും അടിവശത്തും പന്തലിച്ചിട്ടുണ്ട്. ഇത് കടപുഴകിയാൽ റോഡുൾപ്പെടെ തകരുകയും വലിയ പ്രതിസന്ധിയുണ്ടാവുകയും ചെയ്യും. മരം അടിയന്തരമായി മുറിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പേട്ട മേൽപ്പാലത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞുവീണ ഭാഗം മന്ത്രി ആന്റണി രാജു സന്ദർശിക്കുന്നു. ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ, സബ് കളക്ടർ മാധവിക്കുട്ടി, കൗൺസിലർ സി.എസ്. സുജാദേവി എന്നിവർ സമീപം