സ്ത്രീധന കൊലപാതകങ്ങളും ആത്മഹത്യകളും മനസാക്ഷിയുള്ള എല്ലാ മനുഷ്യരെയും വേദനിപ്പിക്കുകയാണ്. മാതാപിതാക്കൾ ലാളിച്ചും സ്നേഹിച്ചും വളർത്തുന്ന പെൺകുട്ടികൾ സന്തോഷത്തോടെ വിവാഹ ശേഷവും ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഉള്ളതെല്ലാമെടുത്ത് പെൺമക്കളെ കെട്ടിച്ചു വിടുന്നത് അവരുടെ സുരക്ഷിത ജീവിതത്തിനു വേണ്ടിയാണ്. ലോണെടുത്തും കടം വാങ്ങിയും വിവാഹ മാമാങ്കം നടത്തുന്നവരുമുണ്ട്. നല്കിയ സ്ത്രീധനം നാടു മുഴുവൻ വീമ്പു പറഞ്ഞു നടക്കുന്നവരും സമൂഹത്തിലുണ്ട്. ഇവർക്കെല്ലാമുള്ള മുന്നറിയിപ്പാണ് വിസ്മയ എന്ന പെൺകുട്ടിയുടെ അകാല മൃത്യു.
എത്ര കിട്ടിയാലും തൃപ്തിയടയാത്ത പിശാചുകൾക്ക് പെൺകുട്ടികളെ നല്കരുത്. ജ്വല്ലറികളുടെ പരസ്യം പോലെ വധു എന്തിന് വിവാഹ മണ്ഡപത്തിൽ നില്ക്കണം? വരന്റെ പദവി നോക്കി പോകാതെ സ്വഭാവത്തിന് മുൻഗണന കൊടുക്കണം. അത് അന്വേഷിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രം വിവാഹം നടത്തുക. കുടുംബമഹിമയുള്ള കുടിയനു നല്കാതെ കുടിലിൽ ജനിച്ച കഠിനാദ്ധ്വാനിയും സ്വഭാവശുദ്ധിയുമുള്ളയാൾക്ക് മകളെ വിവാഹം കഴിച്ച് നല്‌കുക. പെൺമക്കളെ സ്നേഹിക്കുന്ന ചെറുപ്പക്കാരാണ് അവർക്ക് യോജിക്കുന്നത്. ഉദ്യോഗവും, ജാഡയും ആർത്തിയുമുള്ള കൊലയാളികളല്ല.
ഡി.സുചിത്രൻ
ചിറയിൻകീഴ്