ggg

വാഷിംഗ്ടൺ : 13 വർഷമായി തുടരുന്ന രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന്​ ആവശ്യപ്പെട്ട്​ പോപ്​ ഗായിക ബ്രിട്​നി സ്​പിയേഴ്​സ്​ കോടതിയിൽ. 39 വയസായി തനിക്ക് ഇപ്പോഴെന്നും ഇനിയെങ്കിലും ഇതിൽ നിന്ന് മോചനം വേണമെന്ന് ബ്രിട്നി കോടതിയോട് അഭ്യർത്ഥിച്ചു. 2007ൽ ബ്രിട്​നി മാനസിക പ്രശ്​നങ്ങൾ നേരിട്ടതിനു പിന്നാലെയാണ്​ പിതാവ്​ ജാമി സ്​പിയേഴ്​സിന്​ രക്ഷാകർതൃ പദവി നൽകിക്കൊണ്ട് കോടതി ഉത്തരവിട്ടത്. 2008ൽ രക്ഷാകർതൃ പദവി ലഭിച്ചതോടെ പിതാവ്​ ജാമി സ്​പിയേഴ്​സാണ്​ ബ്രിട്​നിയുടെ ആസ്​തിയും കരിയറും മറ്റു സുപ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത്.സ്വന്തം കാര്യങ്ങൾ നോക്കി നടത്താനുള്ള അധികാരമില്ലാതെ ബ്രിട്​നിയുടെ എല്ലാ കാര്യങ്ങൾ നോക്കി നടത്താനുമുള്ള അധികാരം പിതാവിന് നല്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിൽ നിന്നൊരു മോചനം തേടിയാണ് ഗായിക ലോസ്​ ആഞ്ചൽസ്​ കോടതിയെ സമീപിച്ചത്.

'ഇനിയെങ്കിലും എനിക്ക്​ ജീവിതം വേണം. സ്വന്തം കാര്യങ്ങൾ​ ചെയ്യാൻ തനിക്കാകും. എന്റെ ആസ്​തിയുടെ ഉടമസ്ഥത എനിക്ക്​ നൽകണം. വിവാഹിതയാകാനും വീണ്ടും അമ്മയാകാനും ആഗ്രഹമുണ്ട്. എന്നാൽ അതിനായി ഡോക്ടറെ കാണാനുള്ള അനുമതി പോലുമില്ല. കാമുകനൊപ്പം അവ​ന്റെ കാറിൽ സഞ്ചരിക്കാനോ സുഹൃത്തുക്കളെ കാണാനുമോ ഉള്ള സ്വാതന്ത്യമില്ല. ഈ ജീവിതത്തിൽ നിന്നൊരു മോചനം വേണം. വികാരഭരിതയായി ബ്രിട്​നി പറഞ്ഞു. വിഷയത്തിൽ ബ്രിട്നിയെ പിന്തുണച്ചു കൊണ്ട് ഗായികയുടെ ആരാധകർ ഫ്രീ ബ്രിട്നി എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വർഷങ്ങളായി ക്യാമ്പയിൻ നടത്തി വരികയാണ്.