പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപണം ഉയരുന്നു. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതി ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് സംശയം ഉയർന്നത്. യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആക്ഷേപവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതോടെ ശ്രുതിയെ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് ശ്രുതിയുടെ അച്ഛനും അമ്മയും ആരോപിക്കുന്നത്. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛൻ ശിവൻ പറഞ്ഞു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായി സഹോദരിയും അമ്മയും വെളിപ്പെടുത്തി. ഭർത്താവ് ശ്രീജിത്ത് പിന്നിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നും മകൾ ഇക്കാര്യം പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. ഭർതൃവീട്ടുകാരിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. ശ്രുതിയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അച്ഛൻ ഇന്ന് വടക്കഞ്ചേരി പൊലീസിൽ പരാതി നൽകും.