ggg

ആഡിസ് അബാബ: എത്യോപ്യയിലെ ടിഗ്രേ മേഖലയിൽ സൈനിക നടപടിയിൽ 64 പേർ മരിച്ചു. 180 പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിഗ്രേയ്ക്ക് വടക്ക് ടൊഗോഗ ഗ്രാമത്തിൽ തിരക്കേറിയ മാർക്കറ്റിലാണ് എത്യോപ്യൻ സർക്കാർ സേന വ്യോമാക്രമണം നടത്തിയത്. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. വ്യോമാക്രമണം നടത്തിയതായി എത്യോപ്യൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണം മേഖലയിലെ വിമത നേതാക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സാധാരണ ജനങ്ങൾക്കെതിരെയായിരുന്നില്ലെന്നും സൈനിക വക്താവ് പ്രതികരിച്ചു. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്ക്കുന്നതിനാൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

എത്യോപ്യൻ ആഭ്യന്തരയുദ്ധ കാലത്ത് നടന്ന ഹോസൺ കൂട്ടക്കൊലയുടെ സ്മരണയ്ക്കായി നടന്ന 33-ാം രക്തസാക്ഷി ദിനത്തിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. അമേരിക്കയും യൂറോപ്യൻ യൂണിയനും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ആക്രമണത്തിൽ ആശങ്ക അറിയിച്ച യു.എൻ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.