തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസിൽ കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ വേഗത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി സി ബി ഐ. ഇതോടെ ഗൂഢാലോചന അന്വേഷണത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് സി ബി ഐ കടന്നേക്കുമെന്നാണ് വിവരം. പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ സി ബി ഐ ഉടൻ വിളിപ്പിച്ചേക്കും.
സി ബി ഐയുടെ ഡൽഹി യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടിയേക്കും. ഓണ്‍ലൈനില്‍ തന്നെ എഫ് ഐ ആര്‍ സമര്‍പ്പിച്ചതും ഇതിന്‍റെ സൂചനയാണ്. പ്രതിപട്ടികയിലുള്ള ചിലർ മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകരുമായി സംസാരിക്കുകയാണ്.
ഗുജറാത്ത് ഡി ജി പിയായിരുന്ന കാലം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും നോട്ടപ്പുള്ളിയാണെന്നും ഇതാണ് ഇപ്പോള്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമെന്നുമാണ് ആർ ബി ശ്രീകുമാർ പറയുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്‍റെയടിസ്ഥാനത്തിലുള്ള അന്വേഷണമായതിനാല്‍ പ്രതികള്‍ക്ക് മറ്റ് കോടതികളില്‍ നിന്നും വലിയ പരിഗണന ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.