തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ബി സന്ധ്യയ്‌ക്ക് ലഭിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്തായതോടെയാണ് സന്ധ്യ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. നിലവിൽ അഗ്നിരക്ഷാ സേനാ മേധാവിയായ സന്ധ്യ പൊലീസ് മേധാവിയായാൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും അവർ.
വിജിലൻസ് ഡയറക്‌ടർ എസ് സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത് എന്നിവരുടെ പേരുകളാണ് സന്ധ്യയ്‌ക്കൊപ്പം അന്തിമപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്നലെ ഡൽഹിയിൽ യു പി എസ് സി സമിതിയിൽ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്തായ സ്ഥിതിക്ക് സർക്കാരിന് സന്ധ്യയെ പൊലീസ് മേധാവിയാക്കാനാണ് താത്പര്യമെന്നാണ് വിവരം. മികച്ച ട്രാക്ക് റെക്കോർഡുളള സന്ധ്യ പൊലീസ് തലപ്പത്തേക്ക് എത്തുന്നത് സേനയ്‌ക്കും മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
നേരത്തെ വിരമിച്ച ശ്രീലേഖ ഐ പി എസ് അവരുടെ സർവീസ് കാലയളവിൽ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അന്ന് അത് നടന്നിരുന്നില്ല. സന്ധ്യ ഉൾപ്പടെ 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒമ്പത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു പി എസ് സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ്. അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യം കാട്ടിയില്ല.
സംസ്ഥാനം നൽകിയ പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനെതിരെയു നിരവധി പരാതികളാണ് യു പി എസ് സിക്ക് ലഭിച്ചത്. എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് യു പി എസ് സി അന്തിമ പട്ടിക സംസ്ഥാനത്തിന് നൽകിയത്.