ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട്. ഇതിൽ 12,078 കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളമാണ് പ്രതിദിന കണക്കിൽ മുന്നിൽ. 24 മണിക്കൂറിനിടെ രാജ്യത്ത് 1329 കൊവിഡ് മരണങ്ങളുണ്ടായി.ഇതിൽ 556 എണ്ണം മഹാരാഷ്‌ട്രയിലും 155 എണ്ണം തമിഴ്‌നാട്ടിലുമാണ്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 3,93,310 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.01 കോടിയാണ്. രോഗമുക്തർ 2.91 കോടിയും. രോഗമുക്തി നിരക്ക് 96.66 ആയി ഉയർന്നു. 6,12,868 ആക്‌ടീവ് കേസുകളാണ് രാജ്യത്താകെയുളളത്. 17.35 ലക്ഷം സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ആകെ പരിശോധന നടത്തിയ സാമ്പിളുകൾ ഇതോടെ 39.95 കോടിയായി.
ഇതിനിടെ കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസിന്റെ സാന്നിദ്ധ്യം രാജ്യത്ത് ആശങ്കയുയർത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി 10,000ൽ താഴെ പ്രതിദിന കൊവിഡ് കണക്കുകളുളള മഹാരാഷ്‌ട്രയിൽ ഇന്നലെ 98,44 ആണ് പുതിയ കേസുകൾ. ഇത് സംസ്ഥാനത്തെ ഡെൽറ്റാ പ്ളസ് വേരിയന്റിന്റെ സാന്നിദ്ധ്യംകൊണ്ടാണെന്നാണ് വിദഗ്ദ്ധരുടെ ആശങ്ക. 11 ജില്ലകളിൽ രോഗത്തിന്റെ നിരക്ക് ഒരാഴ്‌ചയിൽ 0.15 കൂടി. എന്നാൽ വരുന്ന രണ്ട് മുതൽ നാലാഴ്‌ച വരെ സമയം സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്നാണ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചത്.
രോഗവ്യാപനം രൂക്ഷമായ ഏഴ് ജില്ലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. തദ്ദേശ ഭരണകൂടങ്ങൾ രോഗവ്യാപനത്തിനിടയാക്കുന്ന ഒന്നും അനുവദിക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. മൂന്നാം തരംഗത്തിന് മുൻപ് സംസ്ഥാനത്തെ ആരോഗ്യ സജ്ജീകരണങ്ങൾ തയ്യാറാക്കുകയാണ് സർക്കാർ.
രത്നഗിരി, പാൽഖർ, താനെ, മുംബയ് എന്നിവിടങ്ങളിലായി 21 കൊവിഡ് ഡെൽറ്റ പ്ളസ് വേരിയന്റ് സാന്നിദ്ധ്യം സർക്കാർ കണ്ടെത്തി. ഇവിടെ അതീവ ജാഗ്രത തുടരുകയാണ്.
മഹാരാഷ്‌ട്ര, കേരളം, മദ്ധ്യപ്രദേശ്, ജമ്മു കാശ്‌മീർ ഇവിടങ്ങളിലാണ് അപകടകാരിയായ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത്.