thief

തൃശൂർ: പൊലീസാണെന്ന വ്യാജേന പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞുനിറുത്തി 96 ലക്ഷം രൂപ തട്ടിയ കേസിൽ പ്രധാനി അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാജ് കുമാറാണ് (37) പിടിയിലായത്. രാജുഭായി, ഇൻസ്‌പെക്ടർ രാജ് കുമാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇയാൾ, നിരവധി കവർച്ചാകേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ മാർച്ച് 22 ന് പുലർച്ചെ ദേശീയപാതയിൽ കുട്ടനെല്ലൂരിലായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറി ഇലക്ഷൻ അർജന്റ് ബോർഡ് വെച്ച ഇന്നോവ കാറിൽ വന്ന സംഘം തടഞ്ഞുനിറുത്തുകയായിരുന്നു. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡ്രൈവറേയും സഹായിയേയും ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടുപോയി. കുറച്ചു ദൂരം പോയി, തിരികെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിട്ടു. പിന്നീട് ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ച 96 ലക്ഷം രൂപ കവർന്നതായി അറിഞ്ഞത്. പിന്നീട് ഇവർ ഒല്ലൂർ പൊലീസിൽ പരാതി നൽകി. സ്വർണ്ണാഭരണങ്ങൾ വിറ്റ പണമായിരുന്നുവെന്നാണ് പരാതിക്കാർ പൊലീസിൽ അറിയിച്ചത്. രാജ് കുമാറും കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തട്ടിപ്പ്‌ സംഘവും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടത്.

'ഇൻസ്‌പെക്ടർ രാജ് ‌കുമാർ'

തമിഴ്‌നാട്ടിൽ വിഗ്രഹമോഷണ കേസുകളിലും പാലക്കാടും മലപ്പുറത്തും കുഴൽപ്പണകേസുകളിലും പ്രതിയാണ് രാജ്കുമാർ. കുഴൽപ്പണം കവരുന്നതിൽ സമർത്ഥനായതിനാൽ ' ഇൻസ്‌പെക്ടർ രാജ് കുമാർ' എന്നാണറിയപ്പെടുന്നത്. കൊല്ലത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സംഘം സഞ്ചരിച്ചിരുന്ന രണ്ട് കാറും, ലോറി ഡ്രൈവറെയും സഹായിയെയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറും കണ്ടെടുത്തു. കവർച്ചാപണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശാനുസരണം ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എ.സി.പിമാരായ ബിജോ അലക്‌സാണ്ടർ, ദേവദാസ്, ഒല്ലൂർ സി.ഐ ദിനേഷ് കുമാർ, ഒല്ലൂർ എസ്.ഐമാരായ മണികണ്ഠൻ, അരുൺ കുമാർ, സിറ്റി ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ ഗ്ലാഡ്സ്റ്റൺ, എൻ.ജി സുവ്രതകുമാർ, പി.എം റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി ജീവൻ, പി.കെ പഴനിസ്വാമി, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എം.എസ് ലിഗേഷ്, കെ.ബി വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.