പാറ്റ്ന: കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച് നഴ്സ് യുവാവിനെ കുത്തിവയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബീഹാറിലെ ബഹ്റാംപൂർ ഇമാംബരയിലെ ഉറുദു സ്‌കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നടന്നത്. അസ്ഹർ ഹുസൈൻ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്.
അമർഖാൻ എന്ന സുഹൃത്തിനൊപ്പമാണ് അസ്ഹർ ഹുസൈൻ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഊഴമായപ്പോൾ അയാൾ നഴ്സിന് മുന്നിലെത്തി. വാക്സിൻ സിറിഞ്ചിൽ നിറയ്ക്കുന്നതായി അഭിനയിച്ചശേഷം ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയായിരുന്നു. ഇക്കാര്യം അസ്ഹർ അറിഞ്ഞില്ല. എന്നാൽ ഇതെല്ലാം അമർഖാൻ മൊബൈൽഫോണിൽ പകർത്തി.തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡുചെയ്യുകയായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ സംഭവം വൻ വിവാദമായി. തുടർന്ന് നഴ്സിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും നഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ പേരെ നഴ്സ് ഇത്തരത്തിൽ കുത്തിവച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.