കണ്ണൂർ: മന്‍മോഹന്‍ സിംഗിനെ പോലെ വലിയ സാമ്പത്തിക ശാസ്ത്രജ്ഞനൊന്നുമല്ലെങ്കിലും മോദി ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഒരു ഗൃഹനാഥനെ പോലെ തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്‌തിട്ടുള്ള നേതാവാണെന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുളളക്കുട്ടി. അതുകൊണ്ട് ഇന്ധനവിലയുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രധാനമന്ത്രി പരിഹരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അബ്‌ദുളളക്കുട്ടി.
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്രവും സംസ്ഥാനവും പരസ്‌പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നികുതി കൂടുതല്‍ കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ എന്നതില്‍ തര്‍ക്കിക്കുകയല്ല വേണ്ടത്. അത് കലത്തിലായാലും കഞ്ഞിക്കലത്തിലായാലും സര്‍ക്കാരിന്‍റെ ഖജനാവിലേക്കാണ് ആ പണം എത്തുന്നത്. ഈ നികുതിയെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു.
ഇന്ധനവിലയെ ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്നാണ് തുടക്കം മുതലുളള കേന്ദ്ര നിർദേശം. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനൊമൊക്കെയാണ് ഇതിനെ എതിര്‍ത്തിട്ടുള്ളത്. ഐസക്കിനെ പോലെ കെ എന്‍ ബാലഗോപാലും പറയുന്നത് ഈ തീരുമാനം സംസ്ഥാനങ്ങളെ കുത്തുപാള എടുപ്പിക്കുമെന്നാണ്. കേരള സര്‍ക്കാരാണ് മാറി ചിന്തിക്കേണ്ടത്. മദ്യം, ലോട്ടറി, പെട്രോള്‍ ഈ കൊള്ളനികുതി കൊണ്ടൊന്നും നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ലെന്നും അബ്‌ദുളളക്കുട്ടി ചൂണ്ടിക്കാട്ടി.
പെട്രോള്‍ ഡീസല്‍ വില ജി എസ് ടിക്ക് വിട്ടുകൊടുക്കുമ്പോള്‍ കേരളത്തിന്‍റെ നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്‌ടം ഇരട്ടി വരുമാനമാക്കി മാറ്റാനുള്ള നിര്‍ദേശം തന്‍റെ പക്കലുണ്ട്. ട്രാഫിക് പൊലീസ് പോലെ ഒരു ഗോള്‍ഡ് പോലീസിനെ പിണറായി നിയമിച്ചാല്‍ മതി. എന്നിട്ട് കേരളത്തിലെ സ്വർണക്കടകളിൽ നിന്നും സ്വര്‍ണം വാങ്ങി ഇറങ്ങുന്ന അത് ഇടത്തരക്കരായാലും സാധാരണക്കാരായാലും ഒന്നോ രണ്ടു വിവാഹ പാര്‍ട്ടികളെ റെയ്‌ഡ് ചെയ്‌ത് ബില്ല് ചോദിക്കണം. കേരളത്തിന് ഇപ്പോള്‍ ഒരു മുന്നൂറോ നാനൂറോ കോടി രൂപയുടെ നികുതി ലഭിക്കുന്നിടത്ത് ചുരുങ്ങിയത് 12,000 കോടി രൂപയെങ്കിലും ആക്കി മാറ്റാന്‍ സാധിക്കും. അത്രയും കച്ചവടം നടക്കുന്നുണ്ട്. കേരളത്തിലെ സ്വർണ വില്‍പ്പനയുടെ 90 ശതമാനവും ഇപ്പോഴും നികുതി പിരിക്കാതെയാണ് നടക്കുന്നത്. ധീരമായ നിലപാട് കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇന്ധനവില വര്‍ദ്ധനവ് ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട് എന്നത് ശരിയാണ്. മാസം 5000 കിലോമീറ്ററോളം സഞ്ചരിക്കുന്ന ആളാണ് താന്‍. കുടുംബ ബഡ്‌ജറ്റിനെ ഇത് ബാധിക്കുന്നുണ്ട്. മമതയും പിണറായിയും ഉള്‍പ്പടെയുള്ള പ്രതിപക്ഷ സര്‍ക്കാരുകള്‍ സഹകരിച്ചാലെ ഇതിന് ഒരു പരിഹാരമാകൂവെന്നും അബ്‌ദുളളക്കുട്ടി കൂട്ടിച്ചേർത്തു.