modi

ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി രാജ്യത്തെ ബാധിച്ചതിന്റെ വെളിച്ചത്തിൽ മൂന്നാംഘട്ട വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാൻ പാക്കേജുമായി കേന്ദ്ര സ‌ർക്കാർ. 20,000 കോടിയുടെ കൊവിഡ് പ്രതിരോധത്തിനുള‌ള അടിയന്തര തയ്യാറെടുപ്പ് (ഇ‌സി‌ആർ‌പി-2) പാക്കേജിനായി 20,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവയ്‌ക്കാൻ പോകുന്നത്. ക്യാബിനറ്റ് അംഗീകാരം ലഭിച്ചാലുടൻ ഫണ്ട് അനുവദിച്ച് തുടങ്ങും. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുൻകൂട്ടി കണ്ട് കരുതിയിരിക്കാനും പ്രതിരോധിക്കാനുമാണ് ഈ ഫണ്ടെന്ന് ഒരു മുതിർന്ന കേന്ദ്ര സർക്കാർ പ്രതിനിധി 'ദി ഇക്കണോമിക്‌സ് ടൈംസി'നെ അറിയിച്ചു.

ആരോഗ്യ, ധനകാര്യ മന്ത്രാലയ അധികൃതർ പാക്കേജിന്റെ അവസാനവട്ട മിനുക്കുപണിയിലാണ്. മന്ത്രിസഭാ അംഗീകാരം ലഭിച്ചാലുടൻ പാക്കേജിനെ കുറിച്ച് അറിയാനാകും. കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വ‌ർദ്ധിപ്പിക്കാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വരുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനം, ആശുപത്രി കിടക്കകളുടെ എണ്ണം വ‌ർദ്ധിപ്പിക്കുക, മെഡിക്കൽ സൗകര്യങ്ങളും മരുന്നുകളും ആവശ്യത്തിന് എത്തിക്കുക, കൂടുതൽ ലബോറട്ടറികളും ടെസ്‌റ്റിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തുക എന്നിവയൊക്കെയാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് മൂന്നാംഘട്ട വ്യാപനം തീർച്ചയായും ഉണ്ടാകുമെന്നും ഡെൽറ്റാ പ്ളസ് കൊവി‌‌ഡ് വകഭേദം കണ്ടെത്തിയതുമാണ് ശക്തമായ പ്രതിരോധ മാർഗത്തിലേക്ക് കേന്ദ്ര സർക്കാരിനെ ചിന്തിപ്പിച്ചത്. മദ്ധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കേരളത്തിലുമാണ് ഡെൽറ്റാ പ്ളസ് വകഭേദം കണ്ടെത്തിയത്. ഇതിൽ മദ്ധ്യപ്രദേശിൽ ഒരു സ്‌ത്രീ മരണമടഞ്ഞത് ഡെൽ‌റ്റാ പ്ളസ് വകഭേദം മൂലമാണെന്ന് കണ്ടെത്തുകയും ചെയ്‌തു.

ഡെൽ‌റ്റാ പ്ളസ് വകഭേദം കണ്ടെത്തിയ സംസ്ഥാനങ്ങളിൽ ടെസ്‌റ്റിംഗും വാക്‌സിനേഷനും കണ്ടെയിൻമെന്റ് നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജാനോം സീക്വൻസിംഗ് വഴി രോഗ വകഭേദങ്ങളെ തിരിച്ചറിയാനും രോഗത്തെ കുറിച്ചുള‌ള ഗവേഷണത്തിനും ശക്തിപകരുന്നതാകും പുതിയ പാക്കേജ്.