ഒന്നാം നിലയിലെ ബാൽക്കണിയിൽ ചാരുകസേരയിൽ പ്രൊഫസർ തന്റെ വിശ്രമം തുടർന്നു. വിശ്രമം എന്ന് തീർത്തു പറയുക വയ്യ. വായനയും ഒരു പരിശ്രമം ആണല്ലോ. പ്രൊഫസർ അങ്ങനെയാണ്. അദ്ദേഹത്തിന്റെ ടിപ്പോയ് നിറയെ പുസ്തകങ്ങളും വാരികകളും പത്രങ്ങളും ചിതറി കിടക്കണം. ഏതെങ്കിലും ഒന്നിൽ കൈയെത്തുംവിധം. കൈയിൽ തടയുന്നതെന്തും വായിക്കും.
ബാൽക്കണിക്ക് പുറത്ത് വിശാലമായി വിന്യസിച്ചിട്ടുള്ള നീലിമ കലർന്ന ആകാശമുണ്ട്. അത് നോക്കി ഇടയ്‌ക്കിടക്ക് ഇരിക്കും. ശൂന്യമായ നോട്ടം എന്ന് തോന്നും കണ്ടാൽ. എന്നാൽ അല്ല. വായനയുടെ ഏതോ അവസ്ഥയിൽ ആലോചനക്കുള്ള ബ്രേക്കാണ് ആകാശത്തോടുള്ള ഈ സംവാദം. അതൊക്കെ പറഞ്ഞു മനസിലാക്കുവാൻ ഒട്ടും എളുപ്പമല്ല. മനോവ്യാപാരങ്ങൾ ആർക്കാണ് വിശദമായി പറഞ്ഞുവയ്ക്കാൻ ആവുക. അതൊരു യാത്രയാണ്. മനസിന്റെ ടിക്കറ്റും റിസർവേഷനും വേണ്ടാത്ത പ്രയാണങ്ങൾ.
മഴയൊന്നു ശമിച്ചെന്നു തോന്നുന്നു. ഏതാണ്ട് നാല്പത്തിയെട്ട് മണിക്കൂറുകൾ മരവിപ്പിച്ച മഴ. ആദ്യം ഉഷ്ണത്തിന് ഒരു ശമനം എന്ന് കരുതി ആശ്വസിച്ചു. പിന്നെ മഴ ഈ ഉച്ചസ്ഥായിൽ കയറിത്തുടങ്ങിയപ്പോൾ ഭയം തോന്നി. ഒരുവർഷം മുമ്പ് ഇതുമാതിരി ഒരു മഴയാണ് നൂറ്റിച്ചില്വാനം ജീവിതങ്ങൾ കവർന്ന് എടുത്തത്. ഒറ്റ മഴ! ഒരു ദിവസം നീണ്ടമഴ. ചവറുകൾ നിറഞ്ഞ്, അടഞ്ഞു കിടന്ന മാൻഹോളുകൾ മാത്രം അപഹരിച്ചത് ഇരുപതിൽപ്പരം ജീവിതങ്ങൾ. ഉദാസീനതയും ഒത്തിരി അശ്രദ്ധയും മഴയുടെ തീക്ഷ്ണതയ്ക്ക് അകമ്പടി നൽകിയ രാപ്പകലുകൾ!
ഇതിപ്പോൾ അത്രത്തോളം ഭീകരമാണെന്ന വാർത്തകൾ വരുന്നില്ല. മരണമൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ന്യൂനമർദ്ദം രണ്ട് ദിവസം നീണ്ടുനിൽക്കുമെന്നും അതീവ ജാഗ്രത വേണമെന്നും മാത്രം നിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും അറിയാനായിട്ടില്ല.
മഴ പെട്ടെന്ന് ശമിച്ചതുപോലെ ആരവം നിലച്ചു. റൂഫിൽ നിന്നും ഗർജിച്ചു പതിച്ച മഴത്തുള്ളികൾക്ക് വാർദ്ധക്യം വന്നപോലെ. ഒരു അഞ്ചു മിനിട്ട് നോക്കാം. രണ്ടുദിവസമായി പുറംലോകം കണ്ടിട്ട്. ഒക്കുമെങ്കിൽ ഒന്ന് പുറത്തേക്ക് ഇറങ്ങണം. ഇരുണ്ടുമൂടി കിടന്ന ആകാശത്തെ നോക്കി പതിവുപോലെ പ്രൊഫസർ മൗനസംവാദം നടത്തി. അഞ്ചുമിനിട്ടും പത്തുമിനിട്ടും കടന്നുപോയത് പ്രൊഫസർ അറിഞ്ഞില്ല. അപ്പോഴേക്കും മഴ വിടപറഞ്ഞിരുന്നു. പ്രൊഫസർ ഉദ്വേഗത്തിലായി. ഒന്ന് പുറത്തുപോയി വരാം അല്ലേ? പക്ഷേ സന്ധ്യ ആയിരിക്കുന്നു. ശ്രീമതിയ്ക്ക് ഇഷ്ടമായെന്ന് വരില്ല. പ്രായം ഏറുന്നു. ഒന്ന് സൂക്ഷിക്കണമെന്ന് മുഖം ചുളിപ്പിക്കാതെ ശ്രീമതി പറഞ്ഞുവയ്ക്കും. പുറത്തുപോകുമ്പോൾ ഈയിടെയായി ടെലിഫോൺ നമ്പറുകൾ കുറിച്ചിട്ടുള്ള ചെറിയ പോക്കറ്റ് ഡയറി കൈയിൽ കരുതും. ഇത് വച്ചോളൂ എന്ന് പറയില്ല. എന്നാലും പ്രൊഫസർ അത് അനുസരിക്കും. തുകലിന്റെ ഒരു പഴഞ്ചൻ പേഴ്സുണ്ട് പ്രൊഫസർക്ക്. അതും ജുബ്ബയുടെ പോക്കറ്റിൽ നിക്ഷേപിക്കും. പഴയകാലൻ കുടയും എടുത്ത് കഴിഞ്ഞാൽ യാത്രയ്ക്കുള്ള ചേരുവകൾ കഴിഞ്ഞു. ചെരുപ്പിന്റെ ഉള്ളിൽ കാലുകൾ കയറ്റി ''ദേ ഇപ്പോ വരാം ലക്ഷ്മി...'' എന്ന് പറഞ്ഞ് പ്രൊഫസർ താഴേയ്ക്കുള്ള പടവുകൾ ഇറങ്ങി.
''എന്താപ്പോ ധൃതി. നാളെ പോകാല്ലോ. നേരം ഇത്രേം ആയല്ലോ?''
ലക്ഷ്മി വേഗത്തിൽ ഭർത്താവിനെ യാത്രയയ്ക്കാനെത്തി.
''ദേ...ഒരഞ്ചു മിനിട്ട്''
പ്രൊഫസർ കുട നിവർത്തി മുണ്ട് മടക്കിക്കുത്തി നിരത്തിലെത്തി. ഭർത്താവ് നിരത്ത് മുറിച്ച് കടക്കുന്നത് ലക്ഷ്മി ബാൽക്കണിയിൽ നോക്കി നിന്നു. നിരത്ത് വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയിരുന്നു. തലങ്ങും വിലങ്ങും വാഹനങ്ങൾ. നിരത്ത് സജീവമായിക്കഴിഞ്ഞു. മൂപ്പർ ഉടനെ എത്തും. ലക്ഷ്മി സ്വയം ആശ്വസിച്ചു. അവർ അടുക്കളയിലേക്ക് മടങ്ങി.
അനിതയും മീനുവും ഉടൻ എത്തും. മീനുവിന് ഇന്ന് കോളേജ് അടയ്ക്കുന്ന ദിവസം ആണ്. അല്ലെങ്കിൽ നേരത്തെ എത്തിയേനെ. അനിത എന്തായാലും ഏഴ് മണിയാകും എത്താൻ. രണ്ട് ബസുകൾ മാറിക്കയറി വീടണയുവാൻ ഒന്നര മണിക്കൂർ വേണം. ചിലപ്പോൾ ചെറിയ പർച്ചേസിംഗ് നടത്തും. എന്നാൽ ഏഴ് അടുപ്പിച്ച് അവൾ വീടണയും.
അനിതയാണ് നിലവിൽ വീട്ടിലെ ഏക ശമ്പളക്കാരി. പ്രൊഫസർക്ക് മാന്യമായ പെൻഷൻ ഉണ്ട്. അതിനാൽ മകളുടെ പൈസ കൈയിൽ വച്ചുകൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരെ താഴെയുള്ള അനിരുദ്ധ് ഡിഗ്രി കഴിഞ്ഞ് മൂന്ന് വർഷമായി. സ്വയം ഒരു ബിസിനസ് തുടങ്ങുവാനുള്ള തത്രപ്പാടിലാണ്. എന്നാലും പ്രൊഫസറെ ഭയന്ന് ചില ബാങ്ക് ടെസ്റ്റുകളും മറ്റും എഴുതും. ഇടയ്‌ക്കൊക്കെ ഇന്റർവ്യൂ കാർഡുകളും വരും. പക്ഷേ കീറി കളയും. ജോലി വേണ്ട. പക്ഷേ ഈ ബിസിനസിൽ പണം മുടക്കാൻ പ്രൊഫസറെ കിട്ടില്ല. അങ്ങനെ അനിരുദ്ധന് സമയം നീണ്ട് നീണ്ടു പോകുന്നു.
മീനു ഇളയവളാണ്. ഡിഗ്രി ഫൈനൽ പരീക്ഷക്കുള്ള തയ്യാറെടുപ്പാണ്. വിചാരിച്ചതിലും നേരത്തെ അനിത പടികൾ കയറിവന്നു. നശിച്ച മഴ, അവളാകെ നനഞ്ഞു കുതിർന്നിരുന്നു.
''ഇവിടെ മഴ നേരത്തെ നിന്നോ അമ്മേ?''
എന്നിട്ട് അവൾ അച്ഛന്റെ മുറിയിലേക്ക് ഒന്നെത്തി നോക്കി. പ്രൊഫസറെ മുറിയിൽ കണ്ടില്ല.
''അച്ഛനെവിടെയമ്മേ?''
അനിത തന്റെ മുറിയിലേക്ക് കടക്കുംമുമ്പ് അന്വേഷിച്ചു.
''മഴയൊന്നു ശമിച്ചതും മൂപ്പർ ഒന്ന് നടക്കാനിറങ്ങി. രണ്ടുദിവസം ഇരുന്ന് ബോറടിച്ചതല്ലേ. രണ്ട് പുകയെടുക്കണമെന്നു തോന്നിക്കാണും.''
ലക്ഷ്മി ഭർത്താവിനെ ന്യായീകരിച്ചു. ഫ്ളാസ്‌ക്കിൽ ചായ നിറച്ച് ബിസ്‌ക്കറ്റ് പാത്രം മേശയിൽ വയ്ക്കുമ്പോഴേക്കും മീനുവും എത്തി. ലക്ഷ്മി ബാൽക്കണിയിൽ ഭർത്താവിനെ കാത്ത് നിന്നു.
''നേരം കുറേയായല്ലോ.''
വന്നപാടേ മീനു ഒച്ചവച്ചു.
''അടിച്ചു പൊളിച്ചു. ഹോ എന്റമ്മേ...''
പിന്നെ അവൾ രണ്ട് ബിസ്‌ക്കറ്റുകൾ കൈയിലെടുത്ത് അമ്മയുടെ അരികിൽ എത്തി അവരെ കെട്ടിപ്പിടിച്ചു.
''ഒന്ന് കൈ കഴുകിക്കൂടേ കുട്ട്യേ''
അമ്മ അവളെ ശാസിച്ചു. അനിത വസ്ത്രം മാറി വന്നു.
''എങ്ങനെയുണ്ടായിരുന്നു? അർമാദിച്ചോ?''
''പിന്നേ...''
മീനു നീട്ടി മറുപടി നൽകി.
ലക്ഷ്മിയ്ക്ക് മക്കളുടെ ഉല്ലാസത്തിൽ താത്പര്യം തോന്നിയില്ല.
''അച്ഛനെ കാണാനില്ലല്ലോ. നീ അനിരുദ്ധനെ ഒന്ന് വിളിക്കൂ. അച്ഛനെന്തേ ഇത്ര വൈകാൻ!''
അവരുടെ സ്വരത്തിൽ സങ്കടത്തിന്റെ ഈർപ്പം.
''ഓ.. ഒന്ന് സമാധാനമായിരിക്കമ്മേ...അച്ഛനെന്താ ചെറിയ കുട്ടിയാ... ഭൂലോക ധിക്കാരി... എന്നിട്ടാ. അമ്മയുടെ ഒരു പേടി.''
മീനു തന്റെ കുരുത്തം കെട്ട നാവിനെ കയറൂരി വിട്ടു.
''ഏഴല്ലേ ആയുള്ളൂ അമ്മേ...''
അനിത അന്തരീക്ഷം തണുപ്പിച്ചു. എന്നാലും അവൾ അനിരുദ്ധന് ഫോൺ ചെയ്തു. പിന്നെ അവൾ, പതിവ് ടിവി സീരിയലിലേക്ക് പ്രവേശിച്ചു.
അനിരുദ്ധ് എത്തിയ പാടേ അമ്മ മകനോട് പറഞ്ഞു.
''അനി... അച്ഛൻ ആറരയ്ക്ക് നടക്കാൻ ഇറങ്ങിയതാ. ഒന്ന് പോയി നോക്കിക്കേ. എന്താ ഇത്ര വൈകാൻ?''
അവരുടെ ശബ്ദത്തിലെ അത്ര നേരിയതല്ലാത്ത സങ്കടം അനിരുദ്ധന് പിടികിട്ടി.
''അമ്മേ ഇന്ന് പകൽ മുഴുവൻ നല്ല ഓട്ടമായിരുന്നു. ഒരു നല്ല അവസരം ഒത്തുവരുന്നുണ്ട് അമ്മേ. അച്ഛനുമായി കാര്യമായി ഒന്ന് ആലോചിക്കണം. ഞാൻ ഒന്ന് കുളിച്ചിട്ട്, പോയി അച്ഛനെ കൂട്ടി വരാം.''
അവൻ തന്റെ മുറിയിലേക്ക് പിൻവാങ്ങി.
അനിരുദ്ധനും അവന്റെ സുഹൃത്തു പ്രതാപനുമായി ഏതാണ്ട് ഒൻപത് മണിയോടെ വെറും കൈയുമായി മടങ്ങിവന്നു. കയറിയപാടേ പ്രതാപൻ പറഞ്ഞു:
''അങ്കിൾ ഏതാണ്ട് സന്ധ്യ അടുപ്പിച്ച് പെട്ടിപ്പീടികയിൽ ചെന്നിരുന്നു. അരപാക്കറ്റ് സിസേഴ്സ് വാങ്ങി. ഒന്ന് കത്തിച്ചശേഷം ഒന്ന് ലൈബ്രറിയിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയത്രേ.''
ഡൈനിംഗ് റൂം പെട്ടെന്ന് ആശങ്കാകുലമായി. ടി.വി നിശബ്ദമായി.
''ഈ മനുഷ്യനിതെവിടെപ്പോയി?''
ശുണ്ഠിയും വ്യഥയും അമ്പരപ്പും എല്ലാം അടങ്ങിയ ശബ്ദത്തിൽ ലക്ഷ്മി വെപ്രാളപ്പെട്ടു.
''നീയൊന്ന് മാധവനെ വിളിച്ചേ?''
അവർ അനിതയോട് ആവശ്യപ്പെട്ടു.
അനിത ഉടൻ തന്നെ ഫോണിൽ അമ്മാവനെ വിളിച്ചു ലൈൻ കിട്ടിയതും ലക്ഷ്മി വാങ്ങി.
''അദ്ദേഹം വൈകിട്ടെങ്ങാനും അവിടെ വന്നുവോ? ഇവിടുന്ന് ആറരയ്ക്ക് ഇറങ്ങിയതാ. ഇപ്പോ വരാമെന്നു പറഞ്ഞു പോയതാ. ഇപ്പോൾ മണി ഒൻപത് കഴിഞ്ഞില്ലേ!''
ലക്ഷ്മി വിതുമ്പാൻ തുടങ്ങി. അനിത ഫോൺ വാങ്ങി മടക്കിവച്ചു.
''മാധവൻ ഉടനെത്തും. എത്താതിരിയ്ക്കില്ല.''
ലക്ഷ്മി പിറുപിറുത്തു.
എന്നാലും ഇതുവല്ലാത്തൊരു ചെയ്തായിപ്പോയി. വല്ലാത്ത മനുഷ്യൻ അവർക്ക് പ്രൊഫസറോടുള്ള മമത വാക്കുകളിൽ കുറഞ്ഞു കുറഞ്ഞു വന്നു. അനിത അമ്പരപ്പോടെ അമ്മയെ നോക്കി. അമ്മയെ ഇത്ര പതറി ഒരിക്കൽപോലും കണ്ടിട്ടില്ല താൻ. അനിരുദ്ധൻ പ്രതാപനെയും കൂട്ടി അവന്റെ മുറിയിൽ മൊബൈലിൽ ആരൊക്കെയോ ആയി സംസാരിച്ചു. മീനു നിശബ്ദയായി അമ്മയെ നോക്കിയിരുന്നു.
വേഗം തന്നെ മാധവനും ലീലയും എത്തി. എത്തിയപാടേ ലീല ലക്ഷ്മിയെ സമാധാനിപ്പിക്കാനായി അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
''അനിരുദ്ധൻ എവിടെ?''
വന്നപാടേ മാധവൻ അന്വേഷിച്ചു. അനിരുദ്ധനും പ്രതാപനും അമ്മാവന്റെ മുന്നിലെത്തി.
''ഞാൻ കമ്മീഷണറെ അറിയിച്ചു. വരുന്നവഴി ഇവിടത്തെ പൊലീസ് സ്റ്റേഷനിൽ കയറി. അവർക്ക് കമ്മീഷണറുടെ മെസേജ് കിട്ടിയിട്ടുണ്ട്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഞാൻ ഒരു മാൻ മിസിംഗ് പരാതി നൽകി. ഇനി നമുക്ക് ഒന്നും ചെയ്യാനില്ല. അവർ ഒരു മണിക്കൂറിനുള്ളിൽ എന്തെങ്കിലും വിവരം തരും. എനിക്കുറപ്പാ. നിങ്ങൾ ശശിധരന്റെ വീട്ടിൽ അന്വേഷിച്ചോ.പുള്ളി എന്തു പറഞ്ഞു?''
ശരിയാണ് അത്രത്തോളം ചിന്തിച്ചില്ല. അനിതയോർത്തു.ആദ്യം അങ്കിളിനോടായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. അനിത പെട്ടെന്ന് അച്ഛന്റെ മുറിയിലേക്ക് ഓടി. ഡ്രായർ പരതി. അച്ഛന്റെ ചെറിയ ഡയറിയിലാണ് അത്യാവശ്യം ഫോൺ നമ്പറുകൾ. ഡയറി കണ്ടെത്താനായില്ല.
''അമ്മേ ശശിധരൻ അങ്കിളിന്റെ ഫോൺ നമ്പർ അറിയുമോ?''
ലീല ലക്ഷ്മിയേയും കൂട്ടി ഡൈനിംഗ് റൂമിൽ എത്തി.
''ഇല്ലല്ലോ. ഞാൻ ആരെയും വിളിക്കാറില്ല. അച്ഛന്റെ പോക്കറ്റ് ഡയറി പോയപ്പോൾ കൈയിലെടുത്തിട്ടുണ്ട്. എന്നിട്ടും ആരെയും ഇക്കണ്ട നേരമത്രയും വിളിക്കണമെന്ന് തോന്നിയില്ലല്ലോ. മനുഷ്യനെ തീ തീറ്റിക്കുവാ. ഓരോ അഹമ്മതികൾ!''
''അമ്മേ, ''
അനിത ശബ്ദമുയർത്തി പ്രതിഷേധമറിയിച്ചു. ഓരോരുത്തരും പിന്നെ ശശിധരൻ അങ്കിളിന്റെ ഫോൺ നമ്പർ മനസിൽ ഗണിച്ചെടുക്കാൻ ശ്രമം തുടങ്ങി. പെട്ടെന്ന് ഫോൺ ശബ്ദിച്ചു. മീനു ഓടിപ്പോയി റിസീവർ എടുത്ത് ശ്രദ്ധയോടെ ചെവിയിലേക്ക് ചേർത്ത് പിടിച്ചു. പിന്നെ ഫോൺ അമ്മാവന് നേർക്ക് നീട്ടി.
''പൊലീസ് സ്റ്റേഷനിൽ നിന്നും ആണെന്ന് തോന്നുന്നു.''
മാധവൻ ഇംഗ്ലീഷിലാണ് സംസാരിച്ചത്. വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു. മുഖം കനത്തു. ഫോൺ വച്ച് മാധവൻ അനിരുദ്ധനോട് വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ടു.
''ഞങ്ങൾ പുറത്തുപോകുന്നു. നിങ്ങൾ ലൈറ്റ് അണച്ച് കിടന്നോളൂ. ചിലപ്പോൾ വരാൻ വൈകിയേക്കും.''
മാധവൻ കാറിന്റെ കീയുമെടുത്ത് പടവുകൾ ധൃതിയിൽ ഇറങ്ങി. അനിരുദ്ധന് ഒന്നും ചോദിക്കാൻ ധൈര്യം ഉണ്ടായില്ല. ഭയം അവനെ ആകെ തളർത്തി. മാധവനും ഒന്നും ഉരിയാടിയില്ല. ധൃതിയിൽ നഗരത്തിന്റെ ഹൃദയത്തിലേക്ക് കാർ സഞ്ചരിച്ചു. പ്രയാണം നിലച്ചത് നഗരത്തിലെ ഏറ്രവും പ്രശസ്തമായ മെഡിക്കൽ കോളേജിന്റെ വിജനമായ പിന്നാമ്പുറത്തായിരുന്നു. ഒന്നുരണ്ട് ആംബുലൻസുകൾ. കൂട്ടം കൂടി നിൽക്കുന്ന ചെറിയ കൂട്ടങ്ങൾ. ഇരുണ്ട പ്രകാശത്തിൽ അന്തരീക്ഷം വ്യക്തമായിരുന്നില്ല. കാർ നിറുത്തി മാധവൻ കെട്ടിടത്തിന്റെ ഹാളിലേക്ക് കടന്നു. അനിരുദ്ധൻ പിന്തുടർന്നു. ഹാളിലെ പരിമിതമായ ഇരിപ്പിടങ്ങളിൽ എട്ടുപത്തുപേർ ഇരിപ്പുണ്ട്. ആരും പരസ്പരം മിണ്ടുന്നില്ല. പരസ്പരം തിരിച്ചറിയുന്നു എന്നുപോലും തോന്നിയില്ല. എല്ലാവരും താന്താങ്ങളുടെ ഏതോ ലോകത്ത് അലയുന്നു. മാധവൻ അനിരുദ്ധനെ കൂട്ടി ഒരു ബഞ്ചിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്കും ഹാളിന്റെ നടുവിലായി ഉണ്ടായിരുന്ന വിശാലമായ കതകിന്റെ പാളി തുറന്നു. ഒരാൾ വന്ന് അന്വേഷിച്ചു.
''മാധവമേനോൻ ഉണ്ടോ?''
മാധവൻ എഴുന്നേറ്റു.
''സാരമില്ല. താങ്കൾ ഒൻപതാമനാണ്. ഇനി മൂന്നുപേർ കൂടി കഴിഞ്ഞിട്ട്.''
അയാൾ വന്നപാടേ കതകടച്ചു മടങ്ങിപ്പോയി. ഏതാനും മിനിട്ടിനുള്ളിൽ ആറാമനായിരിക്കണം. ഒരാൾ മുഖം തുടച്ച് പുറത്തേക്ക് വന്നു. പഴയ കഥാപാത്രം വിളിച്ചു ചോദിച്ചു.
''രവീന്ദ്രൻ ഉണ്ടോ?''
ഒരാൾ എഴുന്നേറ്റ് കതകിനുള്ളിലേക്ക് മറഞ്ഞു. മാധവന് കാലുകളിൽ കൂടി ഒരു തരിപ്പ് മുകളിലേക്ക് കയറുന്നതുപോലെ തോന്നി. എഴുന്നേറ്റ് ഒന്നുലാത്തി, പിന്നെ അനിരുദ്ധനോട് രഹസ്യമായി പറഞ്ഞു.
''ഞാനൊന്ന് പുകച്ചിട്ടുവരാം. ഇരിപ്പുറക്കുന്നില്ല. നമ്മുടെ ഊഴം വരുമ്പോൾ എന്നെ വിളിച്ചാൽ മതി. നീ പോകണ്ട.''
അനിരുദ്ധന് എല്ലാം വെളിവായി വന്നിരിക്കുന്നു. മുറിക്കുള്ളിൽ എന്താവാം സംഭവിക്കുന്നത് എന്ന് ഏറെക്കുറെ ബോദ്ധ്യപ്പെട്ടു.
''ഈശ്വരാ തളർന്നുപോകല്ലേ''
അവൻ ഉരുവിട്ടുകൊണ്ടിരുന്നു. ഏഴാമനും കുഴപ്പമില്ലാതെ പുറത്തുവന്നു.
അടുത്തയാൾ കൂടി കയറി പോയി. അനിരുദ്ധൻ അമ്മാവനെ അന്വേഷിച്ചു പുറത്തേക്കിറങ്ങി. അയാൾ സിഗരറ്റ് കുറ്റികൾക്ക് ഇടയിൽ അസ്വസ്ഥനായി ഇരിക്കുന്നു. അനിരുദ്ധനെ കണ്ടതും ഒന്നും സംഭവിക്കാത്തമട്ടിൽ എഴുന്നേറ്റു.
''എട്ടാമൻ കയറി, ഇനി നമ്മുടെ ഊഴമാണ്.''
പറഞ്ഞുതീരും മുമ്പേ അനിരുദ്ധൻ കരഞ്ഞുപോയി. അവനെ ചേർത്തുനിറുത്തി മാധവൻ മന്ത്രിച്ചു.
''ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല. ഒന്നും സംഭവിക്കില്ല. നീ ധൈര്യമായി ഇരിക്ക്.''
എന്നിട്ട് സ്വയം ബോദ്ധ്യപ്പെടുത്തും വിധം മുരണ്ടു.
''അതൊന്നും നടക്കില്ല. ഹേയ് ''
പടവുകൾ കയറി പഴയ ബെഞ്ചിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ മാധവൻ ഇരുന്നു. അനിരുദ്ധൻ തൂവാലകൊണ്ട് മുഖം മറച്ചു വിങ്ങി വിങ്ങി കരഞ്ഞു. മുറി ഏതു നിമിഷവും തുറക്കാം. എട്ടാമനും ഉടൻ പുറത്തുവരും. പിന്നെ തന്റെ ഊഴം. മാധവൻ സ്വയം ഓർമ്മപ്പെടുത്തി.
''ഓ വരുന്നത് വരട്ടെ.''
കതകിന്റെ പാളി തുറന്നു. മുറിയ്ക്കുള്ളിൽ ആരോ ഉച്ചത്തിൽ നിലവിളിക്കുന്നു. അസ്വസ്ഥമായ നിലവിളി.
''എല്ലാവർക്കും പോകാം. ആളെ ഐഡന്റിഫൈ ചെയ്തു. ഇനി കാത്തു നിൽക്കേണ്ട.''
അപ്പോഴും പശ്ചാത്തലത്തിൽ നിലവിളിയുടെ അസ്വസ്ഥത. അനിരുദ്ധൻ അമ്മാവന്റെ കൈ പിടിച്ച് അയാളുടെ തോളിൽ ചാരി തേങ്ങി തേങ്ങിക്കരഞ്ഞു.
''ഹേയ്,നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ. നമ്മൾ പുരുഷന്മാർ കരയരുത്. നമ്മുടെ കൂടെയുള്ള സ്ത്രീകൾ തളർന്നുപോകും. മുഖം തുടക്ക്. പുറത്തിറങ്ങി ഒരു ചായയൊക്കെ കുടിച്ച് സമാധാനമായി മടങ്ങി പോകാം. ഇനിയൊന്നും പേടിക്കാനില്ല.
''ദ് നൈറ്റ് മെയർ ഈസ് ഓവർ.''
മാധവനും അനിരുദ്ധനും പാതിരാവോടെ വീടെത്തി. വിളക്കുകൾ കത്തിക്കിടന്നിരുന്നു.
(തുടരും)
(അവലംബം: മൃണാൾസെന്നിന്റെ 'ഏക് ദിൻ അചാനക്' എന്ന ചിത്രം)