raheem

​​​തിരുവനന്തപുരം: വനിത കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ നടത്തിയ വിവാദ പരമാർശത്തിൽ എ ഐ എസ് ഫിനെ തളളി ഡി വൈ എഫ് ഐ. ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ത്രീധനം എന്ന പ്രശ്‌നമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. എം സി ജോസഫൈൻ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷൻ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച വനിതയോട് മോശമായി സംസാരിച്ച ജോസഫൈനെ ഇടത് യുവജന സംഘടനകൾ അടക്കം തളളിപറഞ്ഞപ്പോഴാണ് അവരെ പിന്തുണച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയിരിക്കുന്നത്.

ജോസഫൈനെതിരായ പ്രതിഷേധങ്ങൾക്കിടെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് ചേരുകയാണ്. സംഭവത്തിൽ പാർട്ടിക്കകത്തും കടുത്ത അമർഷം ഉണ്ട്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് എ കെ ജി സെന്‍ററിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

മഹിളാ കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്‍ററിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. വനിതാകമ്മിഷൻ ഓഫീസിന് മുന്നിൽ മഹിളാമോർച്ച പ്രവർത്തകർ ജോസഫൈന്‍റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.