josephine

​​​​തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയോട് ജോസഫൈന്‍ മോശമായി പെരുമാറിയെന്നാണ് പരാതി.

നിങ്ങളെ അടിക്കുകയാണ് വേണ്ടത് എന്ന് ജോസഫൈന്‍ പറഞ്ഞുവെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. നിങ്ങള്‍ പറയുന്ന മുഴുവന്‍ കഥയും കേള്‍ക്കാനാകില്ല. വിവരക്കേട് പറയരുതെന്നും ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം.

വിവാഹ തട്ടിപ്പുകാരനായ ഭർത്താവിൽനിന്ന് നീതി വേണമെന്നാവശ്യപ്പെട്ടാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷയെ ഇവർ വിളിച്ചത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്‍റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടർന്ന് വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നാണ് ജോസഫൈൻ ചോദിച്ചത്.

ജോസഫൈന്‍റെ പ്രതികരണം കടുത്ത വേദനയുണ്ടാക്കിയെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞദിവസം ചാനല്‍ പരിപാടിക്ക് ഇടയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍റെ നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.