jiophone

സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഒരു സ്‌മാർട്ഫോൺ. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആ സ്വപ്‌നം പൂവണിഞ്ഞ ദിവസമാണിന്ന്. ഗൂഗിളുമായി ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്‌സ്‌റ്റ് എന്ന തങ്ങളുടെ പുതിയ സ്‌മാർട്ട്ഫോണിന്റെ വരവ് വ്യാഴാഴ്ച നടന്ന റിലയൻസ് ഇൻഡസ്‌ട്രീസ് 44ാമത് വാർഷിക ജനറൽ മീറ്റിംഗിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷമാണ് അംബാനി ഗൂഗിളുമായി ചേർന്ന് സ്മാർ‌ട് ഫോൺ എന്ന പദ്ധതി പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ളേ‌സ്‌റ്റോർ, വോയിസ് അസിസ്‌റ്റന്റ് , ഓട്ടോമാ‌റ്റിക് റീട് അലൗഡ് സ്‌ക്രീൻ ടെസ്‌റ്റ്, ഭാഷാ മൊഴിമാറ്റം എന്നിവ ജിയോഫോൺ നെക്‌സ്‌റ്റിലും ഉണ്ടാകും.

മുന്നൂറ് മില്യൺ ഉപഭോക്താക്കളാണ് രാജ്യത്തുള‌ളതെന്നും ഇവർക്കെല്ലാം 4ജി സംവിധാനം തന്നെ അപര്യാപ്‌തമാണെന്നും തുടർന്നാണ് മികച്ച സൗകര്യങ്ങളുള‌ള എന്നാൽ വിലക്കുറവിൽ ലഭിക്കുന്ന ഫോണിനെ കുറിച്ച് ഗൂഗിളിലെ സുന്ദർ പിച്ചൈയുമായി സംസാരിച്ച് തീരുമാനിച്ചതെന്നും മുകേഷ് അംബാനി പറഞ്ഞു.

സെപ്‌തംബർ 10ന് വിപണിയിലെത്തുന്ന ഫോൺ ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും ലഭിക്കാവുന്ന വിലകുറഞ്ഞ സ്‌മാർട്ട്ഫോണാകുമെന്നാണ് അംബാനി അവകാശപ്പെടുന്നത്.