ന്യൂയോർക്ക്: കഴിഞ്ഞ 10 മാസത്തിനുള്ളിൽ 43 തവണയാണ് 72കാരനായ ഡേവ് സ്മിത്ത് കൊവിഡ് പൊസിറ്റീവ് ആയത്. ബ്രിട്ടനിലെ മുൻ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണ വെന്റിലേറ്ററിന്റെയും ഓക്സിജന്റെയും സഹായം തേടേണ്ടി വന്നു. ഡേവിന്റെ ബന്ധുക്കൾ പലപ്പോഴും അദ്ദേഹത്തിന്റെ മരണശുശ്രൂഷകൾക്കുള്ള ഏർപ്പാടും ചെയ്തു. എന്നാൽ ഇപ്പോഴും കൊവിഡിന് പിടിക്കൊടുക്കാതെ ഡേവ് ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ജീവനോടെ ഇരിക്കുന്നു. ചില സമയങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡേവ് തങ്ങളെ വിട്ടുപോയി എന്ന് വരെ കരുതിയെന്നും ഡേവിനൊപ്പം ക്വാരന്റൈനിലിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ പറഞ്ഞു.
ലോകത്തിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ചികിത്സ ഒരുപക്ഷേ ഡേവിലായിരിക്കും നടത്തിയിട്ടുണ്ടാകുക എന്ന് ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. ചിലർ കൊവിഡിൽ നിന്ന് മുക്തരായാലും കുറച്ചു നാൾ ശരീരത്തിൽ കൊവിഡ് വൈറസിന്റെ കണികകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഡേവിന്റെ ശരീരത്തിൽ ആക്ടീവ് ആയ കൊവിഡ് വൈറസിനെ ആണ് കണ്ടെത്തിയിരുന്നതെന്നും ബ്രിസ്റ്റോൾ സർവകലാശാലയിലെ പകർച്ചവ്യാധി രോഗങ്ങളെ ചികിത്സിക്കുന്ന എഡ് മോറാൻ പറഞ്ഞു. ഡേവിന്റെ ശരീരത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിശദമായ പഠനത്തിന് വിധേയമാക്കിയശേഷം മാത്രമാണ് ആരോഗ്യപ്രവർത്തകർക്കും ഈ കാര്യം മനസിലാകുന്നത്.
യു എസിലെ ഗവേഷണ കേന്ദ്രമായ റീജെനെറോൺ വികസിപ്പിച്ച സിന്തറ്റിക്ക് ആന്റിബോഡികൾ വച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഒടുവിൽ ഡേവിന്റെ ശരീരത്തിൽ നിന്നും കൊവിഡ് വൈറസിനെ പൂർണമായി ഒഴിവാക്കാൻ സാധിച്ചത്. ഡേവിന്റെ കാര്യത്തിൽ പ്രത്യേക അനുമതികൾക്കു ശേഷമാണ് ഈ ചികിത്സ നടത്തിയത് എങ്കിലും ബ്രിട്ടനിൽ ഇത്തരം ചികിത്സയ്ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.