കഴിക്കാനും കുടിക്കാനും ആവശ്യത്തിനുണ്ടായിട്ടും വിളർച്ചാരോഗം അഥവാ അനീമിയയുള്ളവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർദ്ധനയെ തടയാനായി ഇപ്പോൾ രാജ്യമൊട്ടാകെ നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ മുദ്രാവാക്യമാണ് പന്ത്രണ്ടെങ്കിലുമാകണ്ടേ?എന്നത്.
രക്തത്തിലെ ഹീമോഗ്ലോബിൻ പന്ത്രണ്ടെങ്കിലുമില്ലെങ്കിൽ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കേരളത്തിലും വിളർച്ചാ രോഗത്തിന്റെ പിടിയിലകപ്പെട്ട സ്ത്രീകളുടേയും കുട്ടികളുടേയും എണ്ണം കുറവല്ല.
രക്തസ്രാവമുള്ള അർശസ്,അൾസർ,അമിത ആർത്തവം തുടങ്ങിയ രോഗങ്ങളുള്ളവർ, കൃമിരോഗം, തുടർച്ചയായ പ്രസവം, ഗർഭാവസ്ഥ, ഹീമോഗ്ലോബിന്റെ ഉൽപാദനത്തിലെ കുറവ്, മുലയൂട്ടൽ, കരൾ രോഗങ്ങൾ, ജനിതകരോഗങ്ങൾ തുടങ്ങിയ അവസ്ഥകളിലാണ് അനീമിയ കാണപ്പെടുന്നത്. അപകടത്തെ തുടർന്നുള്ള രക്തസ്രാവം കാരണവും ഇ.എസ്.ആർ വർദ്ധിക്കുന്ന രോഗങ്ങൾ കാരണവും രക്തക്കുറവുണ്ടാകാം. റേഡിയോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിൻ കുറഞ്ഞ് അനീമിയ സംഭവിക്കാം.
നഖം, നാക്ക്, മുഖം,മോണ എന്നിവിടങ്ങൾ വിളറിവെളുത്ത് കാണുക, വിശപ്പില്ലായ്മയും തളർച്ചയും ക്ഷീണവും തലവേദനയും തലകറക്കവും കിതപ്പും ഹൃദയമിടിപ്പും ശ്വാസമെടുക്കാൻ പ്രയാസവും മുടികൊഴിച്ചിലും എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. ചർമ്മത്തിൽ സന്ധികളോട് ചേരുന്ന ഭാഗത്ത് കറുപ്പ് നിറം കാണുക, നഖങ്ങൾ സ്പൂണിന്റെ ആകൃതിയിൽ വളഞ്ഞു വരിക, കാൽപാദങ്ങളിൽ വീക്കം, മുമ്പത്തെപ്പോലെ ആയാസമെടുത്ത് ജോലി ചെയ്യാൻ പ്രയാസം അനുഭവപ്പെടുക, ഇടയ്ക്കിടെ തുപ്പണമെന്ന് തോന്നുക എന്നിവയും വിളർച്ചയുടെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്. മണ്ണും കട്ടയും കുമ്മായവും അരിയും തിന്നാൻ വരെ താല്പര്യം കാണിക്കുന്നവരുണ്ട്.
ഗർഭിണികളിലെ വിളർച്ച
കുട്ടികൾക്കുണ്ടാകുന്ന വിളർച്ചാരോഗം കാരണം ശരീരഭാരം, ബുദ്ധി, ഓർമ്മശക്തി, രോഗപ്രതിരോധശേഷി, ആരോഗ്യം ഇവ കുറഞ്ഞു പോകും. കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ആർത്തവസംബന്ധമായും പ്രത്യുല്പാദനപരവുമായുള്ള പ്രശ്നങ്ങളാണുണ്ടാകുന്നത്.
ഗർഭിണികളിൽ ഭാരം കുറഞ്ഞ കുട്ടികൾ, അകാലത്തിലുള്ള പ്രസവം, ഗർഭമലസൽ, അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുക, പ്രസവത്തോടനുബന്ധിച്ച് അമിതരക്തസ്രാവം, പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോകുക, മരിച്ച കുഞ്ഞിനെ പ്രസവിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അനീമിയയുടെ തീവ്രതയ്ക്കനുസരിച്ച് സംഭവിക്കാം.
12 ഗ്രാം പെർസന്റേജിന് മുകളിൽ ഹീമോഗ്ലോബിൻ ആവശ്യമാണെന്ന് പറയുമ്പോഴും അതിന്റെ പകുതി മാത്രമുള്ളവരും കേരളത്തിൽ ധാരാളമായിട്ടുണ്ട്. ആറ് ഗ്രാം പെർസന്റേജിന് താഴെയുള്ളവർക്ക് മരുന്നുമാത്രം നൽകി സുഖപ്പെടുത്താൻ സാധിക്കണമെന്നില്ല.
ഭക്ഷണം, വ്യായാമം, കൃത്യനിഷ്ഠ
വിളർച്ചയുണ്ടാക്കുന്ന രോഗാവസ്ഥയ്ക്ക് പരിഹാരം കാണുക എന്നതിനാണ് നിലവിൽ പ്രാധാന്യം നൽകേണ്ടത്. അതിനോപ്പം വിളർച്ചയെ കുറയ്ക്കുന്നതും ആരോഗ്യം പൊതുവെ മെച്ചപ്പെടുത്തുന്നതുമായ ഭക്ഷണവും വ്യായാമവും കൃത്യനിഷ്ഠയും പാലിക്കുകയും വേണം. നല്ല ആരോഗ്യമുള്ളവർക്ക് മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കൂ. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകാൻ ഭക്ഷണം മാത്രം ശ്രദ്ധിച്ചാൽ പോരാതെ വരും. അതുകൊണ്ടാണ് വിളർച്ചാരോഗമായാലും ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം മറ്റ് ശീലങ്ങൾക്കും പ്രാധാന്യം നൽകേണ്ടി വരുന്നത്.
പാൽ കുടിച്ചതുകൊണ്ടോ വീടിനകത്തിരുന്ന് അദ്ധ്വാനിച്ചതുകൊണ്ടോ ധാരാളം ചോറും കറിയും കഴിച്ചതുകൊണ്ടോ ബേക്കറിയും എണ്ണപ്പലഹാരങ്ങളും വയറുനിറയെ കഴിച്ചതുകൊണ്ടോ മാത്രം ആരോഗ്യം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വിളർച്ചാരോഗം ഇത്തരമാളുകളിൽ നിന്ന് മാറുകയുമില്ല.
പേരയ്ക്കയും ചാമ്പക്കയും
ചായയും കാപ്പിയും റെഡിമെയ്ഡ് ഡ്രിങ്കുകളും അവയോടൊപ്പമുള്ള സ്നാക്സുകളും ഒഴിവാക്കി പകരമായി ഫ്രൂട്ട് ജ്യൂസുകളും സാലഡും ഉൾപ്പെടുത്തണം. ഫ്രൂട്ട് ജ്യൂസുകളേക്കാൾ നല്ലത് പഴങ്ങൾ തന്നെയാണ്. പ്രത്യേകിച്ച് പുളിയുള്ള പഴങ്ങൾ. ഓറഞ്ച്, മുസംബി, നാരങ്ങ, നെല്ലിക്ക, ബെറി, ചെറി, ഞാവൽ, പൈനാപ്പിൾ, ഗ്രേപ്സ്, മാതളം എന്നിവയെല്ലാം ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് മുമ്പന്തിയിൽ നിൽക്കുന്നവയാണ്.
ഗ്രീൻ സാലഡ്, ഉണക്കകറുത്ത മുന്തിരി, ഈത്തപ്പഴം, വിത്തുകൾ, നട്സുകൾ, ഉണക്കിയ പ്ളം തുടങ്ങിയവയും നല്ലതുതന്നെ. സാലഡിന് വെള്ളരിക്ക, കാരറ്റ്, ചുവന്നുള്ളി, സവാള തുടങ്ങിയവ അരിഞ്ഞതിൽ നാരങ്ങാനീര് ചേർത്ത് അല്പംമാത്രം ഉപ്പുചേർത്ത് കഴിക്കുന്നത് നല്ലതാണ്.
പേരയ്ക്ക,പപ്പായ, മാങ്ങ, ആപ്പിൾ എന്നിവയും ആഹാരത്തിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തണം. വിലകൂടിയ കാലിഫോർണിയൻ ആപ്പിളിനേക്കാൾ നമുക്ക് പ്രധാനപ്പെട്ടത് നമ്മുടെ പറമ്പിലുള്ള പേരയ്ക്ക തന്നെയാണ്. ഇറക്കുമതി ചെയ്യുന്ന പ്ളം, പ്രൂണസ് പോലുള്ളവയുടെ അത്രയും ഗുണം ചെയ്യുന്നവയാണ് ചാമ്പക്കയും ലൗലോലിക്കയും പുളിഞ്ചിക്കയുമൊക്കെ.
മസാല ചേർത്തും പ്രിസർവേറ്റീവ് ചേർത്തും വീണ്ടുംവീണ്ടും പാകപ്പെടുത്തിയും പലവിധ എണ്ണകളിൽ പൊരിച്ചും കരിച്ചും കഴിക്കുന്നതിന് പകരം സംസ്കരണത്തിന് വിധേയമാക്കാതയും പറിച്ചെടുത്ത് പരമാവധി വേഗത്തിൽ പാകം ചെയ്തും
അധികനേരം വച്ചിരിക്കാതെയും കഴിക്കുന്നതിനാണ് കൂടുതൽ ഗുണം.
ചീരയും ചീലാന്തിയും
നമുക്ക് ചുറ്റും ഇനം ചീരകളുണ്ട്. ഫ്രിഡ്ജിൽ വയ്ക്കാതെ ഇരുമ്പ് ചട്ടിയിൽ ഇവ പാകപ്പെടുത്തി കഴിക്കുന്നതാണ് നല്ലത്. ഇവയൊന്നും അധികമായി കഴിക്കണമെന്നില്ല. അല്പമായി കഴിച്ചാൽപോലും ഗുണകരമാണ്. മൈക്രോ ന്യൂട്രിയൻസ് ലഭിക്കാനായി ഗുളികകൾ വാങ്ങി വിഴുങ്ങേണ്ട കാര്യമൊന്നുമില്ല. വിവിധങ്ങളായ ഭക്ഷണത്തിലൂടെ അവയെല്ലാം ലഭിക്കും.
മത്സ്യവും മാംസവും മുട്ടയും പയറുവർഗ്ഗങ്ങളുമെല്ലാം ഉപയോഗിക്കണം. മത്സ്യവും മാംസവും കറിവച്ചതാണ് നല്ലത്. കടല വർഗ്ഗത്തേക്കാൾ ചെറുപയർ നല്ലത്.
വിളർച്ചാരോഗം അകറ്റുന്നതിന് ചീലാന്തിയിലയുടെ ഞെട്ട് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇല ഇടിച്ചു ചേർത്ത് അവലോസ് പൊടി ഉണ്ടാക്കി കഴിക്കുന്നതും ഇലയിൽവച്ച് ഇഡലി പാകപ്പെടുത്തി കഴിക്കുന്നതും തളിരിലകളുടെ ജ്യൂസ് കൂടി ചേർത്ത് വട്ടയപ്പമുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.
ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ തവിടുള്ളതാണെന്ന് ഉറപ്പാക്കുക. കരിക്കിന്റെ കഷ്ണങ്ങൾ കരുപ്പട്ടി ചേർത്ത് കഴിക്കുക. മധുരം ആവശ്യമുള്ളപ്പോൾ പഞ്ചസാരയ്ക്കുപകരം കരുപ്പട്ടി ഉപയോഗിക്കുക. കൃത്രിമ മധുരങ്ങൾ ഒഴിവാക്കുക.
ചുരുക്കി പറഞ്ഞാൽ ഇത്രയേറെ ഭക്ഷണം കഴിക്കാനുള്ള അവസരമുണ്ടായിട്ടും വിളർച്ചാരോഗം ബാധിക്കുന്നത് ഭക്ഷണത്തിന്റെ ഗുണവും ദോഷവും ശരിയായി മനസ്സിലാക്കി ഉപയോഗിക്കാത്തത്
കൊണ്ടാണ്. ഭക്ഷണത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ ആകൃതിക്കോ പ്രാധാന്യം നൽകുന്നതിനേക്കാൾ, ആരോഗ്യകാര്യത്തിൽ അതുണ്ടാക്കുന്ന ഗുണവും ദോഷവും തിരിച്ചറിഞ്ഞ് ഉപയോഗിച്ചാൽ വിളർച്ചാരോഗം ഒഴിവാക്കാൻ കഴിയുന്ന വിധം ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താനാകും.