foot-over-bridge

തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന കിഴക്കേകോട്ടയിൽ കാൽനടക്കാർക്ക് സുരക്ഷിത യാത്ര ലക്ഷ്യമിട്ട്

നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന സബ്‌വേ നഗരസഭ ഉപേക്ഷിക്കുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനൊപ്പമാണ് സബ്‌വേ എന്ന ആശയം കൂടി നഗരസഭ പരിഗണിച്ചത്. എന്നാൽ,​ സബ്‌വേ പ്രായോഗികമല്ലെന്ന് കണ്ടാണ് ഇത് ഉപേക്ഷിക്കാൻ ധാരണയായത്.

കഴിഞ്ഞ ദിവസം മേയർ ആര്യാരാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന കോർപ്പറേഷന്റെ അവലോകന യോഗം സബ്‌വേയുടെ പ്രായോഗികത സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. സബ്‌വേയുടെ ആവശ്യകതയെപ്പറ്റി നഗരാസൂത്രണ വകുപ്പ് ഇതിനകം സംശയങ്ങൾ ഉന്നയിച്ചിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് അഭിമുഖമായുള്ള കോട്ടയുടെ മുന്നിൽ നിന്ന് നുതുടങ്ങി ഗാന്ധിപാർക്കിനടിയിലൂടെ ചാല കമ്പോളത്തിലേക്ക് റോഡ് നിരപ്പിൽ നിന്ന് 1.2 മീറ്റർ താഴ്ചയിൽ സബ്‌വേ നിർമ്മിക്കാനായിരുന്നു പദ്ധതി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ്, ഗാന്ധിപാർക്ക്,​ അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ചാല മാർക്കറ്റിന് സമീപം, സിറ്റി ബസ് ഡിപ്പോയ്ക്ക് സമീപം എന്നിവിടങ്ങളിൽ സബ്‌വേയുടെ പ്രവേശനകവാടങ്ങളും നിശ്ചയിച്ചിരുന്നതാണ്.

സബ്‌വേയ്ക്ക് പാരയായത് വെള്ളക്കെട്ട്


ഒരു മഴ പെയ്താൽ വെള്ളത്തിൽ മുങ്ങുന്ന കിഴക്കേകോട്ടയിലെ സാഹചര്യമാണ് സബ്‌വേയ്ക്ക് പാരയായത്. മഴ പെയ്താൽ സബ്‌വേ വെള്ളത്തിനടിയിലാകുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മാത്രമല്ല,​ വെള്ളപ്പൊക്ക സാദ്ധ്യത കൂടി കണക്കിലെടുത്താണ് പദ്ധതി നടത്തിപ്പുകാരായ സ്‌മാർട്ടി സിറ്റി ലിമിറ്റഡ് (എസ്.സി.എൽ)​ പ്രോജക്ട് തയ്യാറാക്കിയത്. ആമയിഴഞ്ചാൻ തോട് മഴക്കാലത്ത് നിറയുമെന്നതിനാൽ ഇതിന്റെ ശുചീകരണ ചെല് കൂടി ഏറ്റെടുക്കാൻ പറ്റില്ലെന്നായിരുന്നു സ്‌മാർട്ട് സിറ്റി ലിമിറ്റഡിന്റെ നിലപാട്. ഇതോടെയാണ് സബ്‌വേ വേണ്ടെന്ന് വയ്ക്കാൻ നഗരസഭ തീരുമാനിച്ചത്.

സബ്‌‌വേയ്ക്കായി 29 കോടിയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കിയിരുന്നതാണ്. പദ്ധതി നടത്തിപ്പുകാരായ സ്‌മാർട്ടി സിറ്റി ലിമിറ്റഡ് (എസ്.സി.എൽ)​ രൂപരേഖയും തയ്യാറാക്കിയിരുന്നു. സബ്‌വേ ഇല്ലെങ്കിലും കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി പാത നിർമ്മിക്കും. സ്‌മാർട്ട് റോഡ്,​ ഗാന്ധി പാർക്ക് നവീകരണം,​ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് കിഴക്കേകോട്ടയിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ. ഗാന്ധി പാർക്കിന് ചുറ്റുമുള്ള റോഡിനെ നവീകരിച്ച് സ്‌മാർട്ട് റോഡ് ആക്കും. ഇവിടെ മലിനജലത്തിന്റെ സുഗമമായ ഒഴുക്കിനായി ഭൂഗർഭ സംവിധാനവും ഒരുക്കും.

തീരാത്ത തിരക്ക്


തലസ്ഥാനത്തെ ബസ്‌ യാത്രികരിൽ 70 ശതമാനം പേരും ഒത്തുകൂടുന്ന കേന്ദ്രമാണ് കിഴക്കേകോട്ട. കാൽനട യാത്രക്കാർ റോഡിന് നടുവിലെ മീഡിയൻ ഫുട്പാത്തായി ഉപയോഗിക്കുന്നത് സർവസാധാരണമാണിവിടെ. ഇതിനെല്ലാം പുറമേയാണ് ബൈക്കുകളുടെയും ആട്ടോകളുടെയും അഭ്യാസം. ഇതിന്റെയെല്ലാം പ്രധാന കാരണം സ്ഥലപരിമിതി തന്നെയാണ്. ചാല മാർക്കറ്റിന് മുൻവശം മുതൽ കോവളം ബസ് സ്റ്റാൻഡ് വരെയുള്ള കാൽനടയാത്ര ദുരിതമാണ്. അശാസ്ത്രീയമായ ബസ്‌ സ്‌റ്റാൻഡ് നിർമ്മാണവും സിഗ്നൽ ലൈറ്റുകൾ അവഗണിച്ചുള്ള വാഹനങ്ങളുടെ പോക്കുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. അട്ടക്കുളങ്ങര മുതൽ പഴവങ്ങാടി ഗണപതിക്ഷേത്രം വരെയുള്ള അര കിലോമീറ്റർ മാത്രമുള്ള ഭാഗമാണ് യാത്രക്കാ‌ർക്ക് മരണക്കെണിയാകുന്നത്.

സ്‌മാർട്ട് സിറ്റിക്ക് സ്‌പീഡ്

പോരെന്ന് വിമർശനം

കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സ്‌മാർട്ട് സിറ്റി പദ്ധതിക്ക് തലസ്ഥാനത്ത് വേണ്ടത്ര സ്‌പീഡ് ഇല്ലെന്ന് അവലോകന യോഗത്തിൽ വിമർശനം ഉയർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ അനുമതി നേടുന്നതിൽ അനാവശ്യ കാലതാമസം വരുന്നെന്നായിരുന്നു പ്രധാന വിമർശനം. ഇതാകട്ടെ പദ്ധതികൾ അനന്തമായി വൈകാനും ഇടയാക്കുന്നതായും ആക്ഷേപം ഉയർന്നു. എന്നാൽ,​ കൊവിഡും മഴയും കാരണമാണ് പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ കഴിയാത്തതെന്നായിരുന്നു സ്‌മാർട്ട് സിറ്റി ലിമിറ്റഡിന്റെ വിശദീകരണം. കഴിഞ്ഞ മാർച്ചിൽ കാലാവധി തീർന്ന പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെയും റോഡ് ഫണ്ട് ബോർഡിന്റെയും അനുമതി ലഭിക്കാത്തത് സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിന് തടസമാകുന്നതായും യോഗത്തിൽ വിമർശനമുയർന്നു. ഇത് പരിഹരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി റോഡ് ഫണ്ട് ബോർഡ് അധികൃതരുമായി ഉടൻ തന്നെ ചർച്ച നടത്തും. സ്‌മാർട്ട് റോഡുകൾ നിർമ്മിക്കുമ്പോൾ വൈദ്യുതി,​ ടെലഫോൺ കേബിളുകൾ ഭൂമിക്ക് അടിയിലൂടെയാകും.രാജാജി നഗറിലെ ഫ്ളാറ്റ് നിർമ്മാണവും യോഗത്തിൽ വിമർശനവിധേയമായി. നിർമ്മാണം അനിശ്ചിതത്വത്തിലാണെന്നും ഗുണഭോക്താക്കളെ മാറ്റിപ്പാർപ്പിക്കുന്നതിലെ തർക്കം പരിഹാരമില്ലാതെ തുടരുകയാണെന്നും ആക്ഷേപം ഉയർന്നു. ഇതേ തുടർന്ന് രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റ് സമുച്ചയം കൈമാറാൻ ഗുണഭോക്താക്കളുമായി കരാർ ഉണ്ടാക്കാൻ ധാരണയായി.