ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതോടെ വിവാഹം നടത്താൻ പല മാർഗങ്ങളും അന്വേഷിക്കുകയാണ് നാട്ടുകാർ. ഓൺലൈൻ വിവാഹവും വിവാഹത്തിന്റെ ലൈവ് സ്ട്രീമിംഗുമെല്ലാം ഇപ്പോൾ സർവസാധാരണമാണ്. എന്നാൽ ഇത് താത്കാലികമായ ഒരു മാറ്റമാണെങ്കിലും കൊവിഡ് സമയത്ത് ഓൺലൈൻ വിവാഹ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാൻ വലിയ തിരക്കാണ് കണ്ടുവരുന്നത്. ആദ്യത്തെ ലോക്ഡൗണിനെ അപേക്ഷിച്ച് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മുമ്പ് ഉണ്ടായിരുന്നതിനെകാളും കൂടുതലായി പെൺകുട്ടികൾ തങ്ങളുടെ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യം കാണിക്കുന്നുണ്ടെന്ന് ഭാരത് മാട്രിമോണിയലിന്റെ സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ഈ ട്രെൻഡിനുള്ള കാരണം വ്യക്തമല്ലെങ്കിലും കൂടുതൽ പേരും ഇപ്പോൾ വിവാഹ സൈറ്റുകൾ വഴിയുള്ള അറേഞ്ച്ഡ് വിവാഹങ്ങളോട് താത്പര്യം കാണിക്കുന്നുണ്ട്. ലോക്ഡൗൺ സമയത്തെ പൊലീസിന്റെ മുൻകൂർഅനുവാദവും ഓൺലൈൻ ആയി വിവാഹം സ്ട്രീം ചെയ്യുന്നതു പോലുള്ള കാര്യങ്ങൾ ഈ സൈറ്റുകൾ നോക്കികൊള്ളും എന്ന പ്രയോജനവും ഇത്തരം സൈറ്റുകളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.