tvm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്കെതിരെ പുതിയ ആരോപണവുമായി വീണ്ടും ബി ജെ പി രംഗത്തെത്തി. ചവർ നീക്കത്തിനായി കേന്ദ്രസർക്കാർ സഹായത്തോടെ ഒരുകോടി​ ഇരുപതുലക്ഷം രൂപയ്ക്ക് വാങ്ങി​യ കോംപാക്ടറുകൾ മനപൂർവം കട്ടപ്പുറത്താക്കിയെന്നാണ് ആരോപണം. ബി​ ജെ പി​ കോർപ്പറേഷൻ കൗൺ​സി​ലറായ കരമന അജി​ത്താണ് പുതി​യ ആരോപണവുമായി​ രംഗത്തെത്തി​യത്. നഗരസഭയുടെ പ്രവൃത്തി ടിപ്പർമുതലാളിമാരെ സഹായിക്കാനെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

1500 സിഎഫ് ടി കപ്പാസിറ്റിയുള്ളതാണ് കോംപാക്ടറുകൾ. സാധാരണ ഒരു ടിപ്പറിൽ കൊള്ളുന്നതിന്റെ ഇരട്ടിമാലിന്യം ഇവയുടെ സഹായത്തോടെ നീക്കം ചെയ്യാൻ കഴിയും. കോംപാക്ടറുകൾ കട്ടപ്പുറത്തായതോടെ മാലിന്യം നീക്കാൻ ടിപ്പറുകൾ കൂടുതൽ ട്രിപ്പ് അടിക്കാൻ തുടങ്ങി. കോംപാക്ടറുകൾ നന്നാക്കാനുള്ള ഒരു നീക്കവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇത് സി പി എമ്മിന് വേണ്ടപ്പെട്ട ടിപ്പർ മുതലാളിമാർക്ക് കൂടുതൽ പണം ലഭിക്കാൻ വേണ്ടിയാണെന്നാണെന്നാണ് കരമന അജിത്ത് കുറ്റപ്പെടുത്തുന്നത്. നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന മേയറാണ് ഇതിന് ഉത്തരം നൽകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു

നേരത്തേ ആറ്റുകാർ പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരിൽ ടിപ്പർ വാടകയ്ക്ക് എടുത്തതിലൂടെ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.