sivankutty

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ തന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ സയൻസ് ലാബിന്റെയും സ്‌കൂൾ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയുപയോഗിച്ച് പൂർത്തിയാക്കിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.


അനുവദിച്ചതിൽ നിന്ന് ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകൾ വാങ്ങും. എൽ.ഐ.സി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയും എൽ.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാർട്ട് ഫോണുകൾ സ്‌കൂളിന് കൈമാറി.

'നോ ഡിജിറ്റൽ ഡിവൈഡ് ക്യാമ്പസ്' എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം മേയർ ആര്യാ രാജേന്ദ്രൻ നിർവ്വഹിച്ചു. ഡിജിറ്റൽ ഈഡൻസ് സൊല്യൂഷൻസ് എന്ന സ്ഥാപനമാണ് സ്‌കൂളിനു വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കി നൽകിയത്.

അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.എസ് റീന, സ്‌കൂൾ പ്രിൻസിപ്പാൾ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി തുടങ്ങി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.