വൈരപുളി, ചതുരപ്പുളി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്റ്റാർ ഫ്രൂട്ട് കേരളത്തിൽ ധാരാളമായി വളരുന്ന പുളി വർഗമാണ്. പച്ചയായിരിക്കുമ്പോൾ പുളിപ്പും പഴുക്കുമ്പോൾ പുളിപ്പ് കലർന്ന മധുരവുമാണ് ഈ ഫലത്തിന്. നിരവധി ഔഷധമേന്മകളുള്ള ഫലത്തിൽ ഉദരാർബുദത്തെ പ്രതിരോധിക്കാൻ കഴിവുള്ള ബൻസാഫിനോൺസ് അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ കലവറയാണ് ചതുരപ്പുളി. കൂടാതെ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മർദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചതുരപ്പുളി കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. എന്നാൽ വൃക്ക സംബന്ധമായ അസുഖമുള്ളവർക്ക് ഈ ഫലം നന്നല്ല. സർബത് ,വൈൻ , ജാം, ജെല്ലി, അച്ചാറുകൾ, ജ്യൂസ് എന്നിവ ഇതിൽ നിന്ന് നിർമിക്കുന്നു. മീൻകറിയിൽ കുടംപുളിക്ക് പകരമായും ചതുരപ്പുളി ഉപയോഗിക്കാം.