sbi

ന്യൂഡൽഹി: എസ്.ബി.ഐ ബേസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ (ബി.എസ്.ബി.ഡി) നിന്നുള്ള പണം പിൻവലിക്കലിന് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വരും. എ.ടി.എം., ബ്രാഞ്ചിലെത്തിയുള്ള പണം പിൻവലിക്കൽ, ചെക്ക് ഉപയോഗം എന്നിവയ്ക്കുള്ള ഫീസാണ് പുതുക്കിയത്. പ്രതിമാസം നാല് ഇടപാടുകൾ സൗജന്യമാണ്. തുടർന്നുള്ള ഇടപാടുകൾക്കാണ് ഫീസ്.

എ.ടി.എമ്മിലും ശാഖകളിലും എത്തി പണം പിൻവലിക്കൽ

എസ്.ബി.ഐയുടെയും മറ്റു ബാങ്കുകളുടെയും എ.ടി.എമ്മിൽ നിന്നും എസ്.ബി.ഐ ശാഖകളിലെത്തിയും പ്രതിമാസം നാലു തവണ സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഫീസ് ഈടാക്കും.

ചെക്ക്ബുക്ക് നിരക്ക്

സാമ്പത്തികവർഷം 10 ചെക്ക്ബുക്ക് ലീഫുകൾ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള 10 ലീഫിന് 40 രൂപയും ജി.എസ്.ടിയും ഫീസ്. പിന്നീടുള്ള 25 ലീഫുകൾക്ക് ഫീസ് 75 രൂപയും ജി.എസ്.ടിയും. എമർജൻസി ചെക്ക്ബുക്കിന്റെ ആദ്യ പത്ത് ലീഫിന് ഫീസ് 50 രൂപയും ജി.എസ്.ടിയും. ചെക്കിന്റെ ഈ ഫീസുകൾ മുതിർന്ന പൗരന്മാർക്ക് ബാധകമല്ല.

ചെക്കിലൂടെ ഇനി ഒരുലക്ഷം

ചെക്ക് ലീഫ് ഉപയോഗിച്ച് സ്വന്തം പേരിൽ (സെൽഫ്) പ്രതിദിനം പിൻവലിക്കാവുന്ന പണത്തിന്റെ പരിധി എസ്.ബി.ഐ ഒരുലക്ഷം രൂപയാക്കി. സേവിംഗ്സ് ബാങ്ക് പാസ്ബുക്കിനൊപ്പം വിഡ്രോവൽ ഫോം ഉപയോഗിച്ചുള്ള പ്രതിദിന പണം പിൻവലിക്കൽ പരിധി 25,000 രൂപയാക്കി. ചെക്ക് ഉപയോഗിച്ചുള്ള തേർഡ് പാർട്ടി പണം പിൻവലിക്കൽ പരിധി 50,000 രൂപയായും പുതുക്കി. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ സാമ്പത്തികാവശ്യം നിറവേറ്റപ്പെടണണെന്ന ലക്ഷ്യത്തോടെയാണ് ഇവ പുതുക്കിയത്. സെപ്‌തംബർ 30 വരെയാണ് പ്രാബല്യം.