a-vijayarakhavan

തിരുവനന്തപുരം: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫെെൻ രാജി സന്നദ്ധത അറിയിച്ചെന്നും പാർട്ടി അത് അംഗീകരിക്കുകയായിരുന്നു എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ജോസഫെെൻ നടത്തിയ പരാമർശം സമൂഹം സ്വീകരിച്ചില്ലെന്നും അവർ തനിക്ക് പറ്റിയ പിശകിൽ ഖേദം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടി രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വിജയരാഘവൻ നൽകിയില്ല.

സാധാരണയായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ ഇടപെട്ടുവരുന്ന വ്യക്തിയാണ് ജോസഫെെൻ. എന്നാൽ അവർ നടത്തിയ പരാമർശം പൊതുവെ സമൂഹം സ്വീകരിച്ചില്ല. അവർതന്നെ ഇക്കാര്യം തെറ്റാണെന്ന് പറയുകയും ഖേദം രേഖപ്പെടുത്തുകയുമാണ് ഉണ്ടായത്.

സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഈ വിഷയം പരിശോധിക്കുകയുണ്ടായി. യോഗത്തിൽ ജോസഫെെൻ ഉണ്ടായ സംഭവങ്ങൾ വിശദീകരിക്കുകയും തനിക്ക് പറ്റിയ പിശകിൽ ഖേദം രേഖപ്പെടുത്തിയതായി പാർട്ടിയെ അറിയിക്കുകയും ചെയ്തു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്നുളള രാജിസന്നദ്ധതയും അവർ അറിയിച്ചു. ജോസഫെെന്റെ രാജി സന്നദ്ധത പാർട്ടി അംഗീകരിക്കുകയായിരുന്നു എന്നും വിജയരാഘവൻ വ്യക്തമാക്കി.

രാജി സന്നദ്ധത അറിയിക്കുകയായിരുന്നോ പാർട്ടി രാജി ആവശ്യപ്പെട്ടതാണോ എന്ന ചോദ്യത്തിന് പാർട്ടി നിലപാട് കൃത്യമാണെന്നും താൻ പറഞ്ഞതിൽ അക്കാര്യം ഉണ്ടെന്നും അദ്ദേഹം മറുപടി നൽകി. ജോസഫൈൻ ചെയ്തതു തെറ്റാണെന്നു പാർട്ടിക്കു ബോദ്ധ്യപ്പെട്ടോ എന്ന ചോദ്യത്തിനു താൻ പറഞ്ഞതിൽ എല്ലാം ഉണ്ടെന്നു വിജയരാഘവൻ പറഞ്ഞു.

അതേസമയം, സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ സ്ത്രീപക്ഷ കേരളം എന്ന പ്രചാരണ പരിപാടി സി.പി.എം സംഘടിപ്പിക്കുമെന്നും വിജയരാഘവൻ അറിയിച്ചു. സി.പി.എം അംഗങ്ങളും കേഡര്‍മാരും പ്രാദേശിക തലത്തില്‍ ഗൃഹസന്ദര്‍ശനം അടക്കമുള്ളവ നടത്തി സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രചാരണം നടത്തും.

ജൂലായ് ഒന്ന് മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിപാടി. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി പൊതുക്യാമ്പയിനും സംഘടിപ്പിക്കും. സ്ത്രീകള്‍ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു.