കുവൈറ്റ് സിറ്റി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യക്കായി വീണ്ടും ഓക്സിജനും മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുമെത്തിച്ച് കൊണ്ട് കുവൈറ്റ് - ഇന്ത്യ ഒന്നാംഘട്ട കരാർ വിജയകരമായി പൂർത്തിയായി. കുവൈറ്റിൽ നിന്ന് 7640 ഓക്സിജൻ സിലിണ്ടറുകളുമായി ഐഎൻഎസ് ഷാർദൂൽ കപ്പൽ ഇന്നലെ മുംബൈയിലെത്തി. കുവൈറ്റിൽ നിന്ന് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് ആയിരക്കണക്കിനു ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പെടെ
നൂറുകണക്കിനു മെട്രിക് ടൺ ദ്രവ മെഡിക്കൽ ഓക്സിജനാണ് ഇതു വഴി വിതരണം ചെയ്യാനാവുന്നത്. കൊവിഡിൽ
പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിച്ചതിനു ഇന്ത്യൻ എംബസി കുവൈറ്റ് സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കുവൈറ്റിനെ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. പ്രതിസന്ധി
ഘട്ടങ്ങളിലുള്ള പരസ്പര സഹകരണം ഇരു രാജ്യങ്ങളും ഇനിയും തുടരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.