കണ്ണൂര്‍ : കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടേയും സംഘത്തിന്റേയും ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണം കടത്തേണ്ടതെങ്ങനെയെന്നും കൈമാറേണ്ടത് ആര്‍ക്കൊക്കെയെന്നും ശബ്ദരേഖയിലുണ്ട് . വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നത്.
സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്ന സക്കീര്‍ എന്നയാള്‍ക്കാണ് ശബ്ദരേഖയിൽ നിർദ്ദേശങ്ങൾ നൽകുന്നതായി ഉള്ളത് ഫസല്‍ എന്നയാള്‍ സ്വര്‍ണവും വിമാനടിക്കറ്റും എത്തിച്ചു നല്‍കുമെന്നും ദുബായ് വിമാനത്താവളത്തിന്റെ സമീപത്ത് എത്തണമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. നസീര്‍ക്കാനോട് ഓകെ പറയുക. വേറൊരാള്‍ വന്നിട്ട് എനിക്കാണ് തരേണ്ടത് എന്നു പറഞ്ഞാലും ഓകെ പറയുക.
പക്ഷെ സാധനം കൊടുക്കേണ്ടത് ഫസലിന് മാത്രമാണ്. സാധനം കിട്ടിക്കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ കയറിയാലുടന്‍ ഫസലിനെ വിളിക്കണം. ഫസലിനെ മാത്രമേ വിളിക്കാവൂ. അന്നോ, പിറ്റേന്നോ ഫസല്‍ നിങ്ങളെ ഫ്ലൈറ്റില്‍ കണ്ണൂരിലേക്ക് അയക്കും. കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിയുന്നത് അടക്കമുള്ള എല്ലാ സെറ്റപ്പും അര്‍ജുന്‍ ആയങ്കി ചെയ്തിട്ടുണ്ടെന്ന്'' ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.
നസീറും മഹമൂദും എന്ത് പറയുന്നോ അതിനെല്ലാം ഓകെ പറയുക. പക്ഷെ ഫസലിന്റെയും എന്റെയും ഒപ്പം നിന്നാല്‍ മതി. എല്ലാ കാര്യങ്ങളും ഫസലിനെ അറിയിക്കണം. വേറെ റിസ്‌ക് ഒന്നും ഇല്ല. കണ്ണൂരില്‍ എല്ലാകാര്യവും അര്‍ജുന്‍ സെറ്റ് ചെയ്തിട്ടുണ്ട്. താമസോം ഭക്ഷണോ കള്ളും അടക്കം എല്ലാം, ദുബായിലേതിനേക്കാള്‍ വിഐപി സെറ്റപ്പാണ് അറേഞ്ച് ചെയ്തിട്ടുള്ളത്. കൂടാതെ, നല്ലൊരു തുക കയ്യില്‍ വെച്ചുതരുമെന്നും'' സംഘത്തലവന്‍ ഓഡിയോ ക്ലിപ്പിലൂടെ സക്കീറിന് ഉറപ്പ് നല്‍കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ കണ്ണൂരിലെ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അര്‍ജുനെന്നാണ് കസ്റ്റംസിന്റെ നിഗമനം.