m-c-josephine

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫെെന്റെ രാജിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റ്. പറഞ്ഞിട്ടു ഫലമില്ല. ഇനി അനുഭവിക്കെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഏറെ വിവാദങ്ങൾക്കൊടുവിൽ പാർട്ടി കൂടി കെെവിട്ടതോടെയാണ് ജോസഫെെൻ രാജിവച്ചത്. സ്വകാര്യ ചാനലിലെ ഫോൺ ഇൻ പരിപാടിയിൽ ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച സ്ത്രീകളോട് പൊലീസില്‍ പരാതിപ്പെട്ടില്ലെങ്കില്‍ നിങ്ങൾ അനുഭവിച്ചോളാൻ പറഞ്ഞ ജോസഫെെന്റെ നടപടിയാണ് രാജിയിലേക്ക് നയിച്ചത്. ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതായും ജോസഫെെന്റെ രാജി സന്നദ്ധത പാർട്ടി അംഗീകരിക്കുകയായിരുന്നു എന്നുമാണ് സി.പി.എം പറയുന്നത്.

വനിത കമ്മിഷൻ രൂപീകരിച്ചപ്പോൾ അതിന്‍റെ ഘടനയിൽ അതിൽ ചില കാര്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. 'കമ്മിഷൻ അദ്ധ്യക്ഷ എന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌ത് അറിവും, പരിചയവുമുള്ള ആളായിരിക്കണം. പരാതിക്കാരോട് കരുതലോടെ വേണം പെരുമാറാൻ. ഒരു തരത്തിലും പരാതിക്കാരെ ബുദ്ധിമുട്ടിക്കാനല്ല കമ്മിഷൻ. ഇപ്രകാരം വനിതകളുടെ സംരക്ഷണത്തിനും, പിന്തുണ നൽകുന്നതിനും, സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായാണ് വനിതാ കമ്മിഷൻ രൂപീകരിച്ചത്.' എന്നാൽ ജോസഫെെൻ പലപ്പോഴും ഇതിന് വിരുദ്ധമായാണ് പ്രവർത്തിച്ചത് എന്ന അക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.