ffg

പ്രകോപനമുണ്ടായാൽ കപ്പലുകൾ ബോംബിട്ട് തകർക്കും

മോസ്‌കോ: സമുദ്രാതിർത്തി ലംഘിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കമുണ്ടായാൽ കടുത്ത തിരിച്ചടി നല്കുമെന്ന് മുന്നറിയിപ്പ് നല്കുമെന്ന് റഷ്യ. ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കാനും മടിക്കില്ലെന്ന റഷ്യയുടെ പ്രതികരണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കും. ബ്രിട്ടീഷ് നാവികസേന കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടന്‍ നടത്തുന്നത് അപകടകരമായ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ മുന്നറിയിപ്പ് നല്കി. എന്നാൽ റഷ്യയുടെ ആരോപണം പാടെ നിഷേധിക്കുന്ന നിലപാടാണ് ബ്രിട്ടന്റേത്. റഷ്യയുടെ വാദം തെറ്റാണെന്നും കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നും ബ്രിട്ടൻ പ്രതികരിച്ചു.ഒരു കാരണവുമില്ലാതെ റഷ്യ പ്രകോപനത്തിന് ശ്രമിക്കുകയാണെന്നും ബ്രിട്ടൻ വ്യക്തമാക്കി. ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്നതായി ബ്രിട്ടൻ ആരോപിച്ചു. റഷ്യ അകാരണമായി ബ്രിട്ടീഷ് കപ്പലിനെ ഉന്നം വയ്ക്കുകയാണെന്നും ബ്രിട്ടൻ കൂട്ടിച്ചേർത്തു. റഷ്യയുടെ സൈനിക വിമാനങ്ങളും തീരസംരക്ഷണസേനാകപ്പലുകളും സംഘം ചേർന്ന് ഡിഫന്‍ഡറിനെ വളയുകയും ബോംബ് വർഷിക്കുമെന്ന് ഭീഷണിപ്പെടുത്തുവെന്നുമാണ് ബ്രിട്ടന്റെ പരാതി. ബ്രിട്ടന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് റഷ്യൻ വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് രംഗത്തെത്തി. ബ്രിട്ടൻ നുണകൾ പറഞ്ഞ് പരത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തേ കപ്പലിന്റെ പാതയിലാണ് ബോംബ് വർഷിച്ചതെന്നും ഇനി പ്രകോപനമുണ്ടായാൽ കപ്പൽ തന്നെ ബോംബിട്ട് തകർക്കാൻ മടിക്കില്ലെന്നായിരുന്നു റ്യായ്‌കോബിന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബ്രിട്ടന് താത്പ്പര്യമില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളെടുക്കാൻ റഷ്യയും മടിക്കില്ലെന്ന് അദ്ദേഹം താക്കീത് നല്കി.