ബൊളീവിയ പുറത്ത്
ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബാളിൽ പരാഗ്വെയും ഉറുഗ്വെയും ക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന മത്സരങ്ങളിൽ പരാഗ്വെ ചിലിയേയും ഉറുഗ്വെ ബൊളീവിയയേയും കീഴടക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്. കളിച്ച ഒരു മത്സരത്തിലും ജയം നേടാൻ കഴിയാതിരുന്ന ബൊളീവിയ ഇത്തവണ കോപ്പയിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.ചിലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാഗ്വെ വീഴ്ത്തിയത്.33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയും 58-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മിഗ്വെൽ അൽമിറോണുമാണ് പാരഗ്വെയ്ക്കായി ലക്ഷ്യം കണ്ടത്.
അൽമിറോണിന്റെ കോർണറാണ് സമുദിയോ ഹെഡ്ഡറിലൂടെ വലയ്ക്കകത്താക്കി പരാഗ്വെയ്ക്ക് ലീഡ് സമ്മാനിച്ചത്.കാർലോസ് ഗോൺസാലസിനെ ചിലിയുടെ ഗാരി മെഡൽ ഫൗൾ ചെയ്തതിനാണ് റഫറി പരാഗ്വെയ്ക്ക് പെനാൽറ്റി അനുവദിച്ചത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽമിറോൺ ലീഡുയർത്തുകയായിരുന്നു. അർജന്റീനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് പരാഗ്വെ. തോറ്റെങ്കിലും മൂന്നാം സ്ഥാനത്തുള്ള ചിലിയും ക്വാർട്ടറിൽ കളിക്കും.നിർണായകമായ മത്സരത്തിൽ 2-0ത്തിന് തന്നെയാണ് ഉറുഗ്വെ ബൊളീവിയയെ വീഴ്ത്തിയത്.
ബൊളീവിയൻ ഗോൾ കീപ്പർ കാർലോസ് ലാംപയുടെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ നാല്പതാം മിനിട്ടിൽ ലീഡ് നേടിയ ഉറുഗ്വെ 79-ാം മിനിട്ടിൽ ഫക്കുണ്ടോ ടോറസ് തളികയിലെന്ന വണ്ണം നൽകിയ അളന്നു കുറിച്ച പാസിൽ നിന്ന് എഡിസൺ കവാനി നേടിയ ഗോളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ നിരവധി അവസരങ്ങൾ ഉറുഗ്വെ തുലച്ചു. സെൽഫ് ഗോൾ വഴങ്ങിയെങ്കിലും ലാംപ ബൊളീവിയൻ ഗോൾമുഖത്ത് നിരവി തവണ അപകടമൊഴിവാക്കിയ സേവുകൾ നടത്തി.