വാഷിംഗ്ടൺ: കൊവിഡിനെ ചെറുക്കാനും രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനും മംഗോളിയ, സെയ്‌ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ ചെെനീസ് വാക്സിനുകളെയാണ് കൂടുതലായി ആശ്രയിച്ചത്. എന്നാൽ ഇപ്പോൾ ഈ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്. വെെറസ് പടരാതിരിക്കാനും പുതിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാനും ചെെനീസ് വാക്സിനുകൾ ഫലപ്രദമാവില്ലെന്ന് ഈ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടെെംസ് റിപ്പോർട്ട് ചെയ്തു.
സെയ്‌ഷെൽസ്, ചിലി, ബഹ്റെെൻ, മംഗോളിയ എന്നിവിടങ്ങളിൽ 50 മുതൽ 68 ശതമാനം വരെ ജനങ്ങൾ ചെെനീസ് വാക്സിൻ കുത്തിവയ്പ്പ് എടുത്തിട്ടുളളതായും അമേരിക്കയെ വാക്സിനേഷൻ കണക്കുകളിൽ പിന്തള്ളിയതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മോശം കൊവിഡ് സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഇവയും ഉൾപ്പെടുന്നു.
വാക്സിനുകൾ ഫലപ്രദമായിരുന്നുവെങ്കിൽ ഇത്തരം കാഴ്ച കാണേണ്ടി വരില്ലായിരുന്നു. ഇത് പരിഹരിക്കാൻ ചെെനക്കാർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ഹോങ്കോംഗ് സർവകലാശാലയിലെ വെെറോളജിസ്റ്റ് ജിൻ ഡോംഗ്യാൻ പ്രതികരിച്ചു. താരതമ്യേന ഉയർന്ന കുത്തിവയ്പ് നിരക്ക് ഉള്ള രാജ്യങ്ങളിൽ എങ്ങനെ കൊവിഡ് വ്യാപനത്തിൽ വർദ്ധനവ് ഉണ്ടാകുന്നു എന്നത് ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്. അതേസമയം, സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതും അശ്രദ്ധമായ പെരുമാറ്റവും ഇത്തരം അവസ്ഥയ്ക്ക് ഒരു കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സെയ്ഷെൽസിന് ശേഷം ഏറ്റവും കൂടുതൽ വാക്സിനേഷൻ നിരക്കുളളത് ഇസ്രയേലിലാണ്. ഫെെസർ വാക്സിനെ ആശ്രയിച്ച ഇവിടെ കേസുകൾ പത്തുലക്ഷത്തിൽ 4.95 നിലയിലേക്ക് കുറഞ്ഞു. സെയ്ഷെൽസിലാകട്ടെ പത്തുലക്ഷത്തിൽ 716 എന്ന നിലയിലാണ് കൊവിഡ് കേസുകൾ. ഫെെസർ, ബയോടെക്, മൊഡേണ വാക്സിനുകൾക്ക് 90 ശതമാനം ഫലപ്രാപ്തി നിരക്കാണുളളത്. എന്നാൽ ചെെനയുടെ സിനോഫാം വാക്സിന് 78.1 ശതമാനവും സിനോവാക് വാക്സിന് 51 ശതമാനവുമാണ് ഫലപ്രാപ്തിയെന്നും ദേശീയ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.