ടെൽ അവീവ് : കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും വാക്സിനേഷനിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ഇസ്രയേൽ വീണ്ടും രോഗഭീതിയിൽ. രാജ്യത്തെ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം എന്നിവയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ എടുത്തു കളഞ്ഞിരുന്നു. എന്നാൽ അതി തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് മാസ്ക് വീണ്ടും നിർബന്ധമാക്കാൻ തീരുമാനിക്കുകയാണെന്ന് ഇസ്രായേലി പാൻഡമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് തലവൻ നച്മാൻ ആഷ് പറഞ്ഞു. ഇന്ത്യയിൽ കണ്ടെത്തിയ ഉയർന്ന വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് രാജ്യത്ത് അതിവേഗംം പടരുന്നതെന്ന് ആഷ് കൂട്ടിച്ചേർത്തു.നാലുദിവസമായി രാജ്യത്ത് നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.