ചെറുപ്പക്കാർക്കും വീട്ടമ്മമാർക്കും വിരമിച്ചവർക്കും പുതിയ തൊഴിലവസരം
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതി കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു. കൊവിഡിന് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയിൽ, https://partner.geojit.com എന്ന പാർട്ണർ പോർട്ടലിലൂടെ ജിയോജിത്തുമായി കൈകോർത്ത് വരുമാനം നേടാനുള്ള അവസരമാണിത്.
ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ചവർ എന്നിവർക്ക് പ്രാരംഭ ചെലവുകളില്ലാതെ പദ്ധതിയുടെ ഭാഗമാകാം. സെബി നിയന്ത്രിത പദ്ധതിയാണിത്. പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് സൗജന്യ ഡിജിറ്റൽ പരിശീലനം നൽകും. നിക്ഷേപ സേവനരംഗത്ത് മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാം.
പങ്കാളികളാകുന്നവർക്ക് വേഗം നിക്ഷേപകരെ കണ്ടെത്താനും വരുമാനം ഏത് സമയത്തും പരിശോധിക്കാനും പോർട്ടലിലൂടെ കഴിയും. ഐ.പി.ഒകൾ, മ്യൂച്വൽഫണ്ട് പദ്ധതികൾ, പി.എം.എസ്., എ.ഐ.എഫ്., സ്ഥിര നിക്ഷേപങ്ങൾ, എൻ.സി.ഡികൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രൊഡക്ടുകൾ പോർട്ടൽ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം.
വിർച്വലായി നടന്ന ചടങ്ങിൽ ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ.ജോർജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ എ. ബാലകൃഷ്ണൻ, സതീഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു. ജിയോജിത്തിന്റെ ടെക്‌നോളജി പ്ലാറ്റ്ഫോമിലൂടെ വിദ്യാസമ്പന്നർക്ക് വീടുകളിൽ നിന്ന് പരിശീലനത്തോടെ സാമ്പത്തിക ഉപദേശക യൂണിറ്റുകൾ സ്ഥാപിക്കാമെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇത്തരം നാനോ സ്റ്റാർട്ടപ്പുകൾ സാമ്പത്തിക പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ ജിയോജിത്തിന്റെ പുതിയ പദ്ധതി സംരംഭകരിലേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസർ ജോൺസ് ജോർജ് പറഞ്ഞു.
സംരംഭകർക്ക് ജിയോജിത്തുമായി കൈകോർക്കാൻ അനുയോജ്യമായ സമയമാണിതെന്ന് ജിയോജിത് പാർട്ണർ റിലേഷൻസ് വിഭാഗം തലവൻ വി. കൃഷ്ണകുമാർ പറഞ്ഞു. അഭിപ്രായപ്പെട്ടു. കൊവിഡിനിടയിലും കഴിഞ്ഞ ഒരുവർഷത്തിനിടെ പുതിയ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. 2020-21ൽ സി.ഡി.എസ്.എൽ പുതുതായി തുടങ്ങിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.23 കോടിയാണ്. ഇതിൽ അധികവും ചെറുപ്പക്കാരുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.