തിരുവനന്തപുരം: വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ ഡോക്ടർ വിശേഷണം വിവാദമായ സാഹചര്യത്തിൽ സർക്കാർ അതു വ്യക്തമാക്കേണ്ടതുണ്ടെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ഗീത. ഇതുവരെ ഞാൻ വിചാരിച്ചത് ഷാഹിദാ കമാൽ വെറും ഷാഹിദാ കമാൽ ആണെന്നായിരുന്നു. കൊല്ലത്ത് ഒരു മീറ്റിംഗിൽ ഞാൻ അവരോടൊപ്പം ഉണ്ടായിരുന്നു. അന്നവർ കോൺഗ്രസിലായിരുന്നു. പിന്നീടവർ കോൺഗ്രസ് വിട്ടതറിഞ്ഞു. അപ്പോഴും ഷാഹിദാ കമാൽ എന്നേ കേട്ടുള്ളൂ. കേരള വനിതാ കമ്മിഷനിൽ എത്തിയപ്പോൾ അവരെങ്ങനെ ഡോ. ഷാഹിദ കമാൽ ആയി എന്നത് മനസിലായില്ലെന്നും ഗീത ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പിന്റെ മന്ത്രി വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ രാജിയെപ്പറ്റി പ്രതികരിക്കാനില്ലെന്ന്! ആരോഗ്യ വകുപ്പിന്റെ വാലാണ് വനിതാ ശിശുക്ഷേമ വകുപ്പെന്നു മന്ത്രി കരുതിയോ ആവോ? പ്രിയങ്കരിയായ ''ടീച്ചറമ്മ"ക്കും ഇതേ വീഴ്ചകൾ സംഭവിച്ചുവെന്നത് ചില കാര്യങ്ങളിലേക്കു ശ്രദ്ധ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പു കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിമാരുടെ തലയിൽത്തന്നെ വനിതാ ശിശുക്ഷേമ വകുപ്പും കെട്ടിവെക്കുന്നത്? എന്തോ ഒരു ബാദ്ധ്യത ഒഴിവാക്കുന്ന മട്ടിലുള്ള ഈ സമീപനത്തിൽ കാര്യമായ പിശകുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന് പ്രത്യേകമായ മന്ത്രി വേണമെന്ന് എത്രയോ കാലമായി പറയുന്നു. സാമൂഹ്യക്ഷേമം സാമൂഹ്യനീതി എന്നൊക്കെപ്പറഞ്ഞ് ട്രാൻസ്ജെണ്ടർ പ്രശ്നങ്ങളും അതിനുള്ളിൽ അടക്കം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്നും ഗീത പോസ്റ്റിൽ ചൂണ്ടിക്കാട്ടി.