shahida-kamal

തിരുവനന്തപുരം: താൻ ഡോക്‌ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്‌ടറേറ്റ് ചേ‍ർത്തതാണെന്ന വിവാദത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അം​ഗം ഷാഹിദ കമാൽ. അഞ്ചൽ സെൻജോൺസ് കോളേജിൽ 1987-90 കാലഘട്ടത്തിലാണ് താൻ ഡി​ഗ്രിക്ക് പഠിച്ചത്. കെ.എസ്.യു സംഘടനാ പ്രവർത്തനവുമായി സജീവമായിരുന്ന കാലത്ത് പരീക്ഷ കൃത്യമായി എഴുതാത്തതിനാൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല.

മുന്നോട്ടുളള ജീവിതത്തിൽ ഡി​ഗ്രിയില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞതോടെ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് ഡിസ്റ്റൻസ് എഡ്യൂക്കേഷനായി ബി.കോം പാസാകുകയും എം.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ പാസാവുകയും ചെയ്തു. ഇന്ന് താൻ ഇ​ഗ്നുവിലെ എം.എസ്. ഡബ്ല്യു വിദ്യാർത്ഥികൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയും തന്നോട് ചോദിക്കാതെയുമാണ് വാർത്തകൾ കൊടുത്തതെന്നും ഷാഹിദ പറയുന്നു.

തനിക്ക് ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നും നിരവധി ആളുകൾക്ക് ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഡോക്ടർ എന്നു വച്ച് തന്നെയാണ് അവരുടെ പ്രൊഫെെൽ പോകുന്നത്. ഷാഹിദ കമാലിന് മാത്രം എന്തുകൊണ്ടാണ് ഡോക്ടർ വെയ്ക്കാൻ പാടില്ലാത്തത് എന്നെനിക്ക് മനസിലാകുന്നില്ല. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിനെ താൻ സ്വാ​ഗതം ചെയ്യുന്നതായും ഷാഹിദാ കമാൽ പ്രതികരിച്ചു.