ff

സിഡ്നി : പർവതങ്ങളും ദ്വീപുകളും ജൈവവൈവിദ്ധ്യവും കൊണ്ട് സമ്പന്നമായൊരു ഓസ്‌ട്രേലിയൻ സംസ്ഥാനമാണ് ക്വീൻസ്‌ലാൻഡ്. സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന ഒരു അത്യപൂർവ കാഴ്ചയുണ്ട് ക്വീൻസ്‌ലാൻഡിൽ. തലയിൽ പച്ച കിരീടം ചൂടിയ ആമകൾ! മേരി റിവർ ടർട്ടിൽ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്വീൻസ്‌ലാൻഡിലെ മേരി നദിയിൽ മാത്രമെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആമയെ കാണാൻ കഴിയു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആമയാണിത്.
മുപ്പതുവർഷം മുമ്പാണ് ഈ ആമകളുടെ പ്രാധാന്യം ശാസ്ത്രലോകം തിരിച്ചറിയുന്നത്. ചുവപ്പ്,​ ബ്രൌൺ,​ കറുപ്പ് എന്നീ നിറങ്ങളിൽ മേരി റിവർ ടർട്ടിലിനെ കാണാൻ കഴിയും. വെള്ളത്തിനടിയിലും അന്തരീക്ഷത്തിലും ഇവയ്ക്ക് ഒരുപോലെ ശ്വസിക്കാനാവും. ഇവയുടെ ശ്വസനം നടക്കുന്നത് ജനനേന്ദ്രിയങ്ങളിലൂടെയാണ്. കൂടുതലായും ഇവയെ വെള്ളത്തിനടിയിലാണ് കാണാൻ കഴിയുക.

പച്ച നിറത്തിലുള്ള 'മുടി'യാണ് ഈ ആമകളെ പ്രധാന ഹൈലൈറ്റ്. ഒറ്റ നോട്ടത്തിൽ കണ്ടാൽ പച്ച നിറത്തിലുള്ള കിരീടം ചൂടിയത് പോലെ തോന്നും. ആമകളുടെ തലയിലും തോടിനു മുകളിലും വളരുന്ന പ്രത്യേകതരം ആൽഗകളാണ് ഈ പച്ച കിരീടത്തിനു പിന്നിൽ. കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്ന കാഴ്ചയാണിത്. എന്നാൽ,​ ഇന്ന് വിരലിൽ എണ്ണാവുന്നത്ര മേരി ടർട്ടിലുകൾ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ. കച്ചവടത്തിനായി മുട്ടകൾ ശേഖരിക്കുന്നതും പ്രായപൂർത്തിയാവാൻ കൂടുതൽ സമയം എടുക്കുന്നതുമെല്ലാം ഇവയുടെ വംശനാശത്തിനു കാരണമായി. 25 വയസ്സിൽ മാത്രമേ ഇവ പ്രജനനത്തിന് തയ്യാറാകൂ.

ഓസ്‌ട്രേലിയയിലെ പുരാതന കാലത്തെ ആമകളുടെ കൂട്ടത്തിൽ, ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു ഇനമാണിത്. ഇവയ്ക്ക് 40 ദശലക്ഷം വർഷത്തിന്റെ പരിണാമ ചരിത്രമുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

1960 കാലഘട്ടത്തിൽ ഈ ആമകളുടെ കുഞ്ഞുങ്ങളെ പെറ്റ് ഷോപ്പുകളിൽ വിൽക്കുമായിരുന്നു. 'പെന്നി ടർട്ടിൽ' എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇന്ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സ്വാംപ് കടലാമയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന രണ്ടാമത്തെ ആമയാണ് മേരി റിവർ ടർട്ടിൽ.