കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തും. വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് നടപടിയെന്ന് ഐ ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
ഇന്നലെ കിരൺ കുമാറിന്റെ സഹോദരീ ഭർത്താവ് മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിസ്മയയുടെ കൂട്ടുകാരിയുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കിരൺ കുമാറിൽ നിന്നുള്ള ദുരനുഭവങ്ങൾ വിസ്മയ ഈ കൂട്ടുകാരിയോട് പറഞ്ഞിരുന്നു.
കിരൺ കുമാറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം നേരത്തെ ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കിരണിനെ വിശദമായി ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.