george-floyd

മിനിയാപൊളിസ്: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ്. മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്.

ഷോവിന്റേത് അതിക്രൂരമായ നടപടിയാണെന്ന് ജഡ്ജി വ്യക്തമാക്കി. വിധി ജനവികാരം കൊണ്ടോ സഹതാപം കൊണ്ടോ ഉള്ളതല്ല, മറിച്ച് അസാധാരണമായ ക്രൂരതയുടെ വിധിയാണ് ഇതെന്നും 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഡെറിക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.


2020 മേയ് 25നായിരുന്നു ജോർജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുകാരൻ ഫ്ലോയ്ഡിനെ നിലത്തേക്ക് തള്ളിയിടുകയും, കാൽമുട്ടുകൊണ്ട് കഴുത്തിൽ ശക്തമായി അമർത്തുകയും ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പൊലീസുകാരന്റെ മുട്ടിനടിയിൽ പിടയുമ്പോൾ ഫ്ലോയ്ഡ് അവസാനമായി പറഞ്ഞ എനിക്ക് ശ്വാസംമുട്ടുന്നു എന്ന വാചകം മുദ്രാവാക്യങ്ങളാക്കി,​ വംശീയതയ്ക്കെതിരെ പതിനായിരക്കണക്കിന് ആളുകൾ അമേരിക്കയുടെയും ലോകത്തിന്റെ പലഭാഗങ്ങളുടെയും തെരുവുകളിൽ പ്രക്ഷോഭവുമായി ഇറങ്ങിയിരുന്നു.