
ബിഹാറിൽ ഒരു പരീക്ഷ പ്രവേശന കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ സ്ഥാനത്ത് നടൻ ഇമ്രാൻ ഹാഷ്മിയുടെയും, നടി സണ്ണി ലിയോണിന്റെയും പേരുകൾ ചേർത്ത സംഭവം കുറച്ച് മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതികരിച്ച് താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിഹാറിൽ വീണ്ടും അത്തരത്തിലൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഇത്തവണ മലയാളികളുടെ പ്രിയങ്കരിയായ നടി അനുപമ പരമേശ്വരനാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് റിസൾട്ടിൽ താരത്തിന്റെ ചത്രം നൽകിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഋഷികേശ് കുമാർ എന്ന വ്യക്തിയുടെ റിസൾട്ടിലാണ് അനുപമയുടെ ചിത്രം കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ നടന്ന എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴായിരുന്നു സംഭവം. ഉർദു, സംസ്‌കൃതം, സയൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റിലാണ് അനുപമയുടെ ചിത്രം നൽകിയിരിക്കുന്നത്. ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പടെയുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.