മുംബയ്: മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ട രണ്ട് പേരെ കള്ളപണം വെളുപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനിൽ ദേശ്മുഖിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് പലാൻഡെ, പേഴ്സണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരാണ് എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്. ഏകദേശം ഒൻപത് മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.
അനിൽ ദേശ്മുഖിനെതിരെ നിലവിൽ അന്വേഷണം നടക്കുന്ന കള്ളപണ കേസിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഇരുവരും എൻഫോഴ്സ്മെന്റിന്റെ വലയിൽ അകപ്പെടുന്നത്. ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിട്ടും ഇരുവരും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇരുവരെയും കള്ളപണകേസുകൾ കൈകാര്യം ചെയ്യുന്ന മുംബയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്നും അതിനു ശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്നും ഇ ഡി അധികാരികൾ അറിയിച്ചു. നേരത്തെ അനിൽ ദേശ്മുഖിന്റെ മുംബയിലും നാഗ്പൂരിലുമുള്ള രണ്ട് വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.