തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എം സി ജോസഫൈൻ വനിത കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ അദ്ധ്യക്ഷ ആരാകുമെന്ന ചർച്ച സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായി. ഇക്കാര്യത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആകാംക്ഷയാണ് പൊതുസമൂഹത്തിനുളളത്. ജാഗ്രതയോടെ വേണം പുതിയ അദ്ധ്യക്ഷയെ നിയമിക്കേണ്ടതെന്നാണ് സി പി എം നേതാക്കളുടെ പൊതു അഭിപ്രായം. എന്നാൽ ഇതുസംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയിട്ടില്ല. സി പി എമ്മിൽ സംഘടനരംഗത്ത് പ്രവർത്തിക്കുന്ന ചില വനിതകൾക്ക് അദ്ധ്യക്ഷ കസേരയിലേക്ക് തങ്ങളെ പരിഗണിക്കണമെന്ന ആഗ്രഹമുണ്ടെന്ന് പാർട്ടി നേതാക്കൾ തന്നെ തുറന്നുസമ്മതിക്കുന്നു.
പി കെ ശ്രീമതി, സി എസ് സുജാത, സുജ സൂസൻ ജോർജ്, അയിഷപോറ്റി, പി സതീദേവി എന്നിവരുടെ പേരുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ സി എസ് സുജാതയുടെ പേരിനാണ് മുൻതൂക്കം. മുൻമന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ എന്നിവരുടെ പേരുകളും നിർദേശിക്കുന്നവരുണ്ട്. മന്ത്രിസ്ഥാനം കൊടുക്കാതെ മാറ്റിനിർത്തിയ ഷൈലജ ടീച്ചറിനെ വനിത കമ്മിഷൻ അദ്ധ്യക്ഷയാക്കണമെന്നാണ് അവർക്ക് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ നിലവിൽ എം എൽ എയായ കെ കെ ഷൈലജയെ പാർട്ടി ഒരുകാരണവശാലും വനിത കമ്മിഷൻ തലപ്പത്തേക്ക് പരിഗണിക്കില്ല.
സ്ഥാനമൊഴിയാൻ എട്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്. അദ്ധ്യക്ഷ രാജിവച്ചെങ്കിലും കമ്മിഷൻ അംഗങ്ങൾക്ക് അവരവരുടെ സ്ഥാനങ്ങളിൽ തുടരാം. എന്നാൽ ഇന്നലെ രാത്രിയോടെ ഷാഹിദ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം പാർട്ടി നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. തൊട്ടുപിന്നാലെ ഫേസ്ബുക്കിലൂടെ ഷാഹിദ തന്നെ വിശദീകരണവുമായി എത്തിയെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇത് വീണ്ടും സി പി എമ്മിനെതിരെയുളള ആയുധമായി കൊണ്ടാടുകയാണ്. വനിത കമ്മിഷൻ അംഗമെന്ന നിലയിൽ മികച്ച നിലയിൽ പ്രവർത്തിച്ച ഷാഹിദ കമാലിനെ അദ്ധ്യക്ഷയാക്കണമെന്ന് പറയുന്നവരുമുണ്ട്.
പാർട്ടി ബന്ധമുളളവരെ വനിത കമ്മിഷൻ അദ്ധ്യക്ഷപദത്തിലേക്ക് കൊണ്ടുവരരുതെന്ന അഭിപ്രായം ജോസഫൈൻ വിവാദം ഉയർന്നതുമുതൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമാണ്. അത്തരമൊരു ചിന്ത സി.പി.എം നേതൃത്വത്തിനുണ്ടായാൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സി.പി.എം അനുഭാവമുളള ഒരു വനിത അദ്ധ്യക്ഷയാകും. സുഗതകുമാരിയും ജസ്റ്റിസ് ശ്രീദേവിയുമൊക്കെ അദ്ധ്യക്ഷ കസേരയിൽ ഇരുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ട് ദിവസം കഴിഞ്ഞ് അദ്ധ്യക്ഷ കസേരയിലേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിക്കുമെന്നാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ അദ്ധ്യക്ഷയെ കണ്ടെത്തുന്നതിനൊപ്പം കമ്മിഷൻ പ്രവർത്തനങ്ങളിൽ സമഗ്രമായ പൊളിച്ചെഴുത്തും സി പി എം ആലോചിക്കുന്നുണ്ട്. ലഭിക്കുന്ന പരാതികളിൽ പൊലീസിൽനിന്നും റിപ്പോർട്ടു തേടാനും സർക്കാരിലേക്ക് പഠന റിപ്പോർട്ടുകൾ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കുന്നുള്ളൂ. കമ്മിഷന് കൂടുതൽ അധികാരങ്ങളും സൗകര്യവും നൽകാനാണ് ആലോചന. ആയതിനാൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് വിപരീതമായി സമൂഹത്തിന് പൊതുസ്വീകാര്യയായ ആളെ തലപ്പത്തേക്ക് കൊണ്ടുവരുമെന്ന് പാർട്ടി നേതാക്കൾ സൂചന നൽകുന്നു.
1996 മാർച്ച് പതിനാലിനാണ് സംസ്ഥാന വനിതാ കമ്മിഷൻ പ്രവർത്തനം ആരംഭിച്ചത്. സുഗതകുമാരിയുടെ അദ്ധ്യക്ഷതയിൽ ഏഴ് അംഗങ്ങളുമായിട്ടായിരുന്നു പ്രവർത്തനം. ആദ്യകാലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കമ്മിഷന് ശക്തമായ ഇടപെടലുകൾ നടത്താനുള്ള അധികാരമില്ലെന്ന് പരാതിയിലെ ആരോപണവിധേയർ മനസിലാക്കി തുടങ്ങിയതോടെ നിലയും വിലയും ഇടിഞ്ഞു. മാനദണ്ഡം നോക്കാതെയുള്ള രാഷ്ട്രീയ നിയമനങ്ങളും കമ്മിഷനെ സാരമായി ബാധിച്ചു.
കമ്മിഷനിൽ ഡയറക്‌ടറായി പൊലീസ് ഉദ്യോഗസ്ഥനുണ്ടെങ്കിലും വലിയ അധികാരമില്ല. കമ്മിഷന്‍ റിപ്പോർട്ടുകൾ സ്റ്റേഷനുകളിൽനിന്നും ആവശ്യപ്പെട്ടാൽ യഥാസമയം ലഭിക്കാറില്ല. കമ്മിഷൻ അംഗങ്ങളോട് തർക്കിച്ച് ആരോപണ വിധേയർ ഇറങ്ങിപോകുന്നതും പരാതിക്കാരിയെ അവരുടെ മുന്നിൽവച്ച് അപമാനിക്കുന്നതും അദാലത്തുകളിലെ സ്ഥിരം നാടകീയരംഗങ്ങളാണ്. അപ്രധാന തസ്‌തികളിലേക്ക് ഒതുക്കാനും ഡെപ്യൂട്ടേഷൻ സൗകര്യത്തിനുമായി കമ്മിഷനിലെ തസ്‌തികകൾ മാറിയെന്ന ആക്ഷേപവുമുണ്ട്. കമ്മിഷൻ പ്രവർത്തനം പ്രസക്തമാകേണ്ട ഈ കാലയളവിൽ ഇതിനെല്ലാം പരിഹാരം ഉണ്ടാകണമെന്നാണ് സി പി എം നേതാക്കളടക്കം പറയുന്നത്.