ന്യൂഡൽഹി: ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ, ഡി ആർ അലവൻസുകൾ വർദ്ധിപ്പിക്കുന്നതിലുള്ള തീരുമാനം ഇന്ന് ചേരുന്ന ഉദ്യോഗസ്ഥതല യോഗം ചർച്ച ചെയ്യും. ധനകാര്യകുപ്പ്, നാഷണൽ കൗൺസിൽ ഒഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷീനറി, പേഴ്സണൽ ട്രെയിനിംഗ് ഡിപാർട്ട്മെന്റ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ യോഗത്തിൽ അലവൻസുകൾ വദ്ധിപ്പിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടേയും തടഞ്ഞു വച്ചിരിക്കുന്ന അലവൻസുകൾ ജൂലായ് ഒന്നു മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു. കൊവിഡ് മഹാമാരി വന്നതിനെ തുടർന്നാണ് കേന്ദ്ര ജീവനക്കാരുടെ മൂന്ന് മാസത്തെ ഡി എയും വിരമിച്ചവരുടെ മൂന്ന് മാസത്തെ ഡി ആർ അലവൻസുകളുമാണ് സർക്കാർ തടഞ്ഞുവച്ചത്. 2020 ജനുവരി, 2020 ജൂലായ് 2021 ജനുവരി എന്നീ മൂന്ന് ഗഡുകളിലെ അലവൻസുകളാണ് സർക്കാർ വിതരണം ചെയ്യാതെ നീക്കി വച്ചത്.