fraud

ന്യൂഡൽഹി: ആമസോൺ ഉദ്യോഗസ്ഥരായി ചമഞ്ഞ് അമേരിക്കകാരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന ഇന്ത്യൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. 12 ഓളം സ്ത്രീകളുൾപ്പെടെ 84 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരിൽ നിന്ന് 64.3 ലക്ഷം രൂപയും 93 ലാപ്ടോപ്പുകളും കണ്ടെടുത്തു. ഷഹ്ദാരാ ഡി സി പി ആർ സത്യസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രഹസ്യവിവരം ലഭിച്ചതിനെ കാൾ സെന്റർ റെയ്ഡ് ചെയ്തത്. വൊയിപ് കാളിംഗ്, അന്താരാഷ്ട്ര ദീർഘദൂര ഗേറ്റ് വേകൾ ബൈപാസ് ചെയ്യുക മുതലായ സൈബർ കുറ്റകൃത്യങ്ങൾ വഴിയാണ് കാൾ സെന്റർ പ്രവർത്തിച്ചിരുന്നതെന്ന് ഡി സി പി ആർ സത്യസുന്ദരം പറഞ്ഞു.

അമേരിക്കയിലുള്ള ആമസോൺ ഉപഭോക്താക്കളെ അവരുടെ വ്യക്തിവിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ചോ‌ർന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്. നിലവിൽ ഒരു കൊലകുറ്റത്തിന് തിഹാർ ജയിലിൽ കഴിയുന്ന മന്നു സിംഗ് എന്ന വ്യക്തിക്കു വേണ്ടി രാകേഷ് എന്നൊരാളാണ് ഈ കാൾ സെന്റർ പ്രവർത്തിപ്പിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.

1000 അമേരിക്കൻ ഡോളർ സമ്മാനമായി ലഭിച്ചുവെന്ന ടെക്സ്റ്റ് മെസേജ് ആമസോൺ ഉപഭോക്താകൾക്ക് അയച്ചു കൊടുക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തിരിച്ചുവിളിക്കുന്ന ഉപഭോക്താക്കളോട് അവരുടെ പാസ് വേഡ് മുതലായ സ്വകാര്യ വിവരങ്ങൾ തങ്ങൾ ചോർത്തിയെന്നും എത്രയും വേഗം ചോദിക്കുന്ന പണം നൽകണമെന്നും അറിയിക്കും. ആമസോൺ സ്റ്റോ‌റിലെ ഗിഫ്റ്റ് വൗച്ചർ ആയാണ് ഇവർ പണം സ്വീകരിക്കുന്നത്. ഇത് പിന്നീട് റെഡീം ചെയ്ത് എടുക്കുകയാണ് പതിവ്.