border

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റത്തെ കുറിച്ച് ഇന്ത്യ-ചൈന സൈനികതല ചർച്ചകൾ വൈകാതെ പുനരാരംഭിച്ചേക്കും. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ധാരണയായതായാണ് സൂചന. ഏറ്റവും അടുത്ത സമയം തന്നെ സൈനിക തല ചർച്ച പുനരാരംഭിക്കും. യഥാർത്ഥ നിയന്ത്രണ രേഖയുടെ കീഴിൽ വരുന്ന കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശങ്ങളിൽ നിന്ന് പൂ‌‌ർണമായ പിന്മാറ്റത്തിന് ചൈന ഇതുവരെ തയ്യാറായിട്ടില്ല.

അതിർത്തി വിഷയങ്ങളിൽ തീരുമാനമെടുക്കാനുള‌ള വ‌ർക്കിംഗ് മെക്കാനിസം ഫോർ കോഓർഡിനേഷൻ (ഡബ്ളു‌എം‌സിസി) വെർച്വൽ യോഗത്തിൽ ഇരുവിഭാഗവും ചൂടേറിയ ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കും അംഗീകരിക്കാവുന്ന പരിഹാരമാർഗം എല്ലാ പ്രദേശങ്ങളിൽ നിന്നും സൈനിക പിന്മാ‌റ്റം നടത്തുന്നതാണെന്നും ഇതിന് ചർച്ച നടത്താൻ തീരുമാനിച്ചതായുമാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം.

ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിലെ സൈനിക പിന്മാറ്റത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ ച‌ർച്ച നടന്നിരുന്നു. യഥാർത്ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ 2020 സെപ്‌തംബറിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ധാരണയായിരുന്നു. ഉദ്യോഗസ്ഥ, സൈനിക തല ചർച്ചകളിലൂടെ പരസ്‌പര ധാരണയിലെത്താനായിരുന്നു അന്ന് നിശ്ചയിച്ചത്.

എല്ലാ സംഘർഷമേഖലയിൽ നിന്നും പൂർണമായി സൈനിക പിന്മാറ്റം നടത്തി സമാധാനം കൊണ്ടുവരാനായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു. ഏപ്രിൽ ഒൻപതിനായിരുന്നു ഇത്തരത്തിൽ പതിനൊന്നാം റൗണ്ട് സൈനികതല ച‌ർച്ചകൾ നടന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷത്തെ ചൊല്ലി ചൂടേറിയ വാക്‌പോരാണ് വ്യാഴാഴ്‌ച നടത്തിയത്. അതിർത്തിയിൽ ചൈന ധാരാളം സൈനികരെ തർക്കപ്രദേശങ്ങളിൽ വിന്യസിച്ചുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇത്തരത്തിൽ ഏകപക്ഷീയമായി ചൈന നടത്തിയ ശ്രമങ്ങളാണ് കഴിഞ്ഞവ‌ർഷം അതിർത്തിയിൽ സംഘർഷത്തിന് ഇടയാക്കിയത്.

തങ്ങളുടെ സൈനിക വിന്യാസം സാധാരണ നടത്തുന്നത് മാത്രമാണെന്ന ചൈനയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. വ‌ർക്കിംഗ് മെക്കാനിസം ഫോർ കോഓർഡിനേഷൻ (ഡബ്ളു‌എം‌സിസി) വെർച്വൽ യോഗത്തിൽ ഇന്ത്യക്കായി വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും ചൈനയ്‌ക്കായി അതിർത്തി-സമുദ്ര വിഭാഗ ഡയറക്‌ടർ ജനറലും ചർച്ചയ്‌ക്ക് നേതൃത്വമേകി.

സെപ്‌തംബർ 10ന് ഷാങ്‌ഹായ് സഹകരണ ഓർഗനൈസേഷൻ യോഗത്തിൽ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും, ചൈനയുടെ വിദേശകാര്യ മന്ത്രിയായ വാങ് യിയുമാണ് പങ്കെടുത്തത്. പ്രശ്‌നപരിഹാരത്തിന് അഞ്ച് ഉടമ്പടിയിൽ അന്നെത്തിച്ചേർന്നിരുന്നു.

സൈനിക പിന്മാറ്റം വേഗത്തിലാക്കുക, അതിർത്തിയിൽ പിരിമുറുക്കമുണ്ടാക്കുന്ന നടപടികൾ ഒഴിവാക്കുക, പ്രോട്ടോകോൾ പാലിക്കുക, യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം പുനസ്ഥാപിക്കുക ഇവയായിരുന്നു ഉടമ്പടിയിലുണ്ടായിരുന്നത്. നിലവിൽ ഇരുവിഭാഗത്തിന്റെയും 50,000 മുതൽ 60,000 വരെ സൈനികരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്.