prithviraj-dileesh-pothen

യാഥാർത്ഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന കൊച്ചു സിനിമകളുടെ ഭാഗമാകാൻ തനിക്ക് താൽപര്യമുണ്ടെന്ന് നടൻ പൃഥ്വിരാജ്. ഫിലിം മേക്കേഴ്‌സ് വലിയ സിനിമകളുടെ ഭാഗമാകാൻ വേണ്ടിയാണ് കൂടുതലായും സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിക്കൽ സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും വലിയ സിനിമ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിൽ വന്നിരുന്നുവെന്നും, എന്തുകൊണ്ടാണ് ജോജി പോലത്തെ സിനിമകൾ തന്നെവച്ച് എടുക്കാത്തതെന്ന് അവരോട് ചോദിച്ചിരുന്നുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

ഒരു നടനെന്ന രീതിയിൽ ഫഹദിനും ദുൽഖറിനും മുൻപുള്ള തലമുറയിലാണ് തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. 'വർഗം' ഒരു ന്യൂജെൻ സിനിമയാണെങ്കിലും, അത് ആ പട്ടികയിൽ ഇടം നേടിയില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂജെൻ ഫിലിം മേക്കറുടെ കൂടെയൊന്നും താൻ പ്രവർത്തിച്ചിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.


'ന്യൂ ഏജ് ഫിലിംസ്' എന്ന ടെർമിനോളജി മാത്രമാണ് പുതിയത്.സിറ്റി ഒഫ് ഗോഡ്സ് എന്ന ചിത്രം പുതിയ രീതിയിലുള്ള ഫിലിം മേക്കിംഗിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രമാണ്. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിംഗ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധായകൻ. എന്നാൽ ബോക്‌സോഫീസിൽ സിനിമ പരാജയമായിരുന്നു. സിനിമയെക്കുറിച്ച് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കോൾ വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.